പത്തനംതിട്ട: ബലാൽസംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ ക്ളബ് സെവൻ ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിലെ 408ആം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം രാഹുലുമായി എസ്ഐടി സംഘം എആർ ക്യാമ്പിലേക്ക് മടങ്ങി.
തെളിവെടുപ്പ് കഴിഞ്ഞ് തിരികെ പോലീസ് വാഹനത്തിലേക്ക് കയറുന്നതിന് മുമ്പായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാദ്ധ്യമ പ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും ഒന്നും പറയാതെ രാഹുൽ വാഹനത്തിൽ കയറി. ഹോട്ടലിലെ രജിസ്റ്ററിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. രജിസ്റ്ററിൽ സംഭവദിവസം 408ആം നമ്പർ മുറി അതിജീവിതയുടെ പേരിലാണുള്ളത്.
അതേസമയം, ഒപ്പമുണ്ടായിരുന്ന പേര് രാഹുൽ ബിആർ എന്നാണ്. ഇതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർഥ പേര്. എന്നാൽ, സംഭവദിവസം ഇവർ ഹോട്ടലിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചില്ല. 21 മാസം പിന്നിട്ടതിനാൽ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലായിരുന്നു. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി ഹാർഡ്ഡിസ്ക് പോലീസ് കണ്ടെടുത്തു.
2024 ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരുമണിക്കൂറോളം ചിലവഴിച്ചതായും രാഹുൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, പീഡനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും മൗനമായിരുന്നു മറുപടി. ഇന്ന് രാവിലെ 5.40ഓടെയാണ് പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും തിരുവല്ലയിലേക്ക് രാഹുലുമായി പോലീസ് സംഘം പുറപ്പെട്ടത്.
തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് സംഘം ഹോട്ടലിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. കേസിൽ റിമാൻഡിലായ രാഹുലിനെ മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച ജാമ്യഹരജി പരിഗണിക്കും.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി





































