തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നീക്കിയേക്കും. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇത് സംബന്ധിച്ച് അനൗദ്യോഗിക ചർച്ച നടത്തി.
മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാകും ഔദ്യോഗിക തീരുമാനം. യൂത്ത് കോൺഗ്രസ് ആണ് ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നാണ് വിവരം. ഇത് അന്വേഷിക്കാൻ സംസ്‌ഥാനത്തെ കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ സംഘടനാ നടപടി ആലോചിക്കുന്നത്. തെറ്റുകാരനെങ്കിൽ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, രാഹുൽ നിയമസഭാംഗമായി തുടരുമെന്നാണ് വിവരം.
യുവ മാദ്ധ്യമപ്രവർത്തക നടത്തിയ വെളിപ്പെടുത്തൽ വ്യാപക ചർച്ചയ്‌ക്കാണ് വഴിവെച്ചിരിക്കുന്നത്. മാദ്ധ്യമപ്രവർത്തക ആരോപണം ഉന്നയിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയാണെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുന്നത്. ഇതിനിടെ, രാഹുലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. ‘രാഹുൽ മാങ്കൂട്ടം- അനുഭവം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണിയുടെ തുറന്നെഴുത്ത്.
Most Read| ഇന്ത്യക്ക് വൻ ഓഫറുമായി റഷ്യ; അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകും