ന്യൂഡെൽഹി: യുവ നടിയുടെ ആരോപണത്തിന് പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജിവെക്കും. ഇതുസംബന്ധിച്ച നിർദ്ദേശം ഹൈക്കമാൻഡ് നൽകിയതായാണ് വിവരം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി.
രാഹുലിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണിൽ നടത്തിയിരുന്നു. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ചോദിച്ചു വാങ്ങാൻ ആവശ്യപ്പെട്ടത്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹം തന്നെ മറുപടി പറയണമെന്നാണ് പാർട്ടിയിലെ ആവശ്യം.
സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നാണ് വിവരം. ഇത് അന്വേഷിക്കാൻ സംസ്‌ഥാനത്തെ കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ സംഘടനാ നടപടി ആലോചിക്കുന്നത്.
തെറ്റുകാരനെങ്കിൽ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, രാഹുൽ നിയമസഭാംഗമായി തുടരുമെന്നാണ് വിവരം. യുവനടി നടത്തിയ വെളിപ്പെടുത്തൽ വ്യാപക ചർച്ചയ്‌ക്കാണ് വഴിവെച്ചിരിക്കുന്നത്.
Most Read| വികസിത് ഭാരത് 2047; മാർഗരേഖ സമർപ്പിക്കാൻ രണ്ട് മന്ത്രിതല സമിതികൾ