തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിന്റോയുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ലൈംഗികാരോപണ കേസുകളിൽ യുവതികൾ നേരിട്ട് രാഹുലിനെതിരെ പരാതി നൽകിയിരുന്നില്ല.
വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്‌ചാത്തലത്തിൽ കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. ആറ് പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിരിക്കുന്നത്. നിരവധി മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത്.
എന്നാൽ, ഇത്തരം കേസുകളിൽ ഇരയാക്കപ്പെട്ടവർ തന്നെ പരാതി നൽകുമ്പോഴാണ് കേസ് നിലനിൽക്കുക. പരാതിയുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ നൽകിയാൽ അന്വേഷണ സംഘത്തിന് നിർണായകമാകും. ശബ്‌ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും തീരുമാനമുണ്ട്. ഇവർ നേരിട്ട് പരാതി നൽകിയാൽ മാത്രമേ മുന്നോട്ട് പോകാനാവൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അതിനിടെ, രാഹുൽ എംഎൽഎ സ്‌ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. രാഹുലിന് സംരക്ഷണമൊരുക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുന്നത്. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിക്കും. വൈകീട്ട് സ്‌റ്റേഡിയം സ്‌റ്റാൻഡ് പരിസരത്താണ് പരിപാടി.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ








































