പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹൈക്കമാൻഡ് രാഹുലിന് നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് രാഹുലിനോട് ദേശീയ നേതൃത്വം രാജി ചോദിച്ചുവാങ്ങിയത്.
രാഹുലിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണിൽ നടത്തിയിരുന്നു. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ചോദിച്ചു വാങ്ങാൻ ആവശ്യപ്പെട്ടത്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹം തന്നെ മറുപടി പറയണമെന്നാണ് പാർട്ടിയിലെ ആവശ്യം.
സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നാണ് വിവരം. ഇത് അന്വേഷിക്കാൻ സംസ്‌ഥാനത്തെ കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. തെറ്റുകാരനെങ്കിൽ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്.
തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, രാഹുൽ നിയമസഭാംഗമായി തുടരുമെന്നാണ് വിവരം. യുവനടി നടത്തിയ വെളിപ്പെടുത്തൽ വ്യാപക ചർച്ചയ്‌ക്കാണ് വഴിവെച്ചിരിക്കുന്നത്.
അതിനിടെ, യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനം രാജിവെക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. പ്രതിപക്ഷ നേതാവുമായും എഐസിസി നേതാക്കളുമായും സംസാരിച്ചിരുന്നു. ആരും രാജിവെക്കാൻ ആവശ്യപ്പെട്ടില്ല. യുവനടി അടുത്ത സുഹൃത്താണ്. അവർ തന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു.
താൻ ഈ രാജ്യത്തെ നിയമസംവിധാനത്തിന് വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്‌തിട്ടില്ല. നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ. തനിക്കെതിരെ ഒരു പരാതിയുമില്ലെന്നും രാഹുൽ പറഞ്ഞു. തന്റെ പേരിൽ പുറത്തുവന്ന ഓഡിയോ സംഭാഷണവും രാഹുൽ തള്ളി. ഹണി ഭാസ്‌കർ ചാറ്റിന്റെ പൂർണരൂപം പുറത്തുവിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ