ഭാരതാംബ വിവാദം; ‘കേരള പോലീസിൽ പൂർണ വിശ്വാസം, കേന്ദ്രസേനയെ വിളിച്ചെന്നത് തെറ്റ്’

കഴിഞ്ഞ ദിവസം രാജ്ഭവനും സംസ്‌ഥാന സർക്കാരും സംയുക്‌തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയിൽ, കാവിക്കൊടി പിടിച്ചുനിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പവൃഷ്‌ടി നടത്തുകയും മന്ത്രി വി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ച് പരിപാടിയിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്‌തിരുന്നു.

By Senior Reporter, Malabar News
Rajendra Vishwanath Arlekar
Ajwa Travels

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്‌തമാക്കി രാജ്ഭവൻ. വിവാദത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, ഗവർണർ രാജേന്ദ്ര അർലേക്കർ സുരക്ഷയ്‌ക്കായി കേന്ദ്രസേനയെ വിളിക്കുന്നുവെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന് രാജ്ഭവൻ വ്യക്‌തമാക്കി. കേരള പോലീസിൽ ഗവർണർക്ക് പൂർണ വിശ്വാസമുണ്ടെന്നും രാജ്ഭവൻ അറിയിച്ചു.

ഇതോടെ, ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായാൽ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം കേരള പോലീസിനായി. ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ കേരളാ പോലീസിന്റെ കഴിവിലും പ്രതിബദ്ധതയിലും പൂർണവിശ്വാസമാണ് ഗവർണർ രേഖപ്പെടുത്തിയിരിക്കുന്നത്. ഗവർണർക്ക് നേരിട്ടോ അല്ലാതെയോ ഏതെങ്കിലും ഭീഷണിയുള്ളതായി കരുതുന്നില്ലെന്നും രാജ്ഭവൻ വ്യക്‌തമാക്കുന്നു.

ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ ഭാവനയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും രാജ്ഭവൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാജ്ഭവനും സംസ്‌ഥാന സർക്കാരും സംയുക്‌തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയിൽ, കാവിക്കൊടി പിടിച്ചുനിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പവൃഷ്‌ടി നടത്തുകയും മന്ത്രി വി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ച് പരിപാടിയിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്‌തിരുന്നു.

ഇതോടെ, സംസ്‌ഥാന സർക്കാരും ഗവർണറും തമ്മിൽ ഇടയാനുള്ള സാഹചര്യമുണ്ടായി. എന്നാൽ, രാജ്ഭവനിലെ പരിപാടികളിൽ ഭാരതാംബയുടെ ചിത്രം വയ്‌ക്കുന്നത്‌ ഒഴിവാക്കില്ലെന്ന് ഗവർണർ വ്യക്‌തമാക്കി. ഇതോടെ പ്രതിഷേധങ്ങൾക്ക് കാരണമായി. സിഐടിയു, എസ്എഫ്ഐ തുടങ്ങി പല സംഘടനകളും രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുകയും ചെയ്‌തു.

സെക്രട്ടറിയേറ്റിന് മുന്നിൽ ഭാരതാംബയുടെ ചിത്രം വെച്ച് പുഷ്‌പാർച്ചന നടത്തി ബിജെപിയും രംഗത്തുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിക്കുകയും ചെയ്‌തു. തിരുവനന്തപുരം ആയുർവേദ കോളേജിന് മുന്നിൽ എസ്എഫ്ഐ ഗവർണർക്കെതിരെ ബാനറും കെട്ടിയിരുന്നു. ‘ഹിറ്റ്‌ലർ തോറ്റു, മുസോളിനി തോറ്റു, സർ സിപിയും തോറ്റുമടങ്ങി; എന്നിട്ടാണോ രാജേന്ദ്രാ’ എന്നെഴുതിയ ബാനറാണ് ഇവിടെ ഉയർത്തിയത്.

അതിനിടെ, വിവാദത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ രംഗത്തെത്തി. ഗവർണർക്ക് പിന്തുണ നൽകുന്നതായിരുന്നു സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും പ്രസ്‌താവനകൾ. സംസ്‌ഥാന സർക്കാരിന് എന്തോ മറയ്‌ക്കാൻ ഉള്ളതുകൊണ്ടാണ് ഭാരതാംബ വിവാദം എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഭാരതാംബ എന്തെന്ന് അറിയാത്തവർ ജവാൻമാരോട് ചോദിക്കട്ടെ എന്ന് ജോർജ് കുര്യനും പറഞ്ഞു.

Most Read| ഗാസയിൽ കൂട്ടക്കുരുതി; ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം, 51 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE