ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യസഭ ചർച്ച ചെയ്യും. ഈ മാസം 29നാണ് രാജ്യസഭയിൽ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമെന്നാണ് റിപ്പോർട്.
ജമ്മു കശ്‌മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് കര-വ്യോമ-നാവിക സേനകളുടെ നേതൃത്വത്തിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാക്കിസ്‌ഥാനിൽ നടത്തിയ സായുധ സേനയുടെ നടപടിയെ കുറിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.
ഈ ആഴ്‌ച പ്രധാനമന്ത്രി യുകെ സന്ദർശനം നടത്തുന്നുണ്ട്. ഇന്ത്യയും യുകെയുമായുള്ള നിർണായകമായ വ്യാപാര കരാറിൽ സന്ദർശനത്തിനിടെ ഒപ്പുവയ്‌ക്കുമെന്നാണ് പ്രതീക്ഷ. യുകെ സന്ദർശനം കാരണമാണ് ചർച്ച അടുത്ത ആഴ്‌ചയിലേക്ക് മാറ്റിവെച്ചിരിക്കുന്നത്.
ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ചും, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ കുറിച്ചും രാജ്യസഭയിൽ പ്രധാനമന്ത്രി സംസാരിച്ചേക്കുമെന്നാണ് സൂചന. ഓപ്പറേഷൻ സിന്ദൂറിനെ രാജ്യത്തിന്റെ ‘വിജയോൽസവം’ എന്നായിരുന്നു മോദി ഇന്ന് വിശേഷിപ്പിച്ചത്.
Most Read| ആരാകും അടുത്ത ഉപരാഷ്‌ട്രപതി? ചർച്ചകൾ കൊഴുക്കുന്നു, 26ന് തീരുമാനം ഉണ്ടായേക്കും








































