തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിക്കാനുള്ള അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമാണ്. വിഷയത്തിൽ ഇരുവരും കള്ളക്കളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ അറിവോടെയാണ് മരംമുറിക്ക് അനുമതി നൽകിയതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കത്തിൽ നിന്നും വ്യക്‌തമാണ്. ഉദ്യോഗസ്‌ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാൻ കഴിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗുരുതര വീഴ്‌ചകളാണ് സംസ്‌ഥാന സർക്കാരിന് ഉണ്ടാകുന്നത്. ഇത് സർക്കാർ ബോധപൂർവം ചെയ്യുന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മരം മുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ആരോപിച്ചിരുന്നു. മരം മുറിക്കാനുള്ള ഉത്തരവിട്ടത് ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണ് എന്നതിന് തെളിവുകളുണ്ട്. അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നും സുധാകരൻ പറഞ്ഞു.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് സർക്കാരിന്റെ അനുമതിയോടെയല്ലെന്ന് നേരത്തെ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസോ താനോ ഇക്കാര്യം അറിഞ്ഞിട്ടില്ല. ഉദ്യോഗസ്‌ഥ തലത്തിൽ എടുത്ത ഒരു തീരുമാനമാണെന്നും ഇക്കാര്യത്തിൽ ഫോറസ്‌റ്റ് ഓഫിസറിൽ നിന്ന് റിപ്പോർട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
ബേബി ഡാം ശക്‌തിപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയതായി കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ ട്വീറ്റ് ചെയ്‌തിരുന്നു. അനുമതി നൽകിയ കേരള സർക്കാരിന് സ്‌റ്റാലിൻ നന്ദിയും അറിയിച്ചു. ഇതിന് പിന്നാലെയാണ് കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.
Read also: ആര്യൻ ഖാനെ തട്ടിക്കൊണ്ട് പോകാനാണ് ലക്ഷ്യമിട്ടത്; പിന്നിൽ ബിജെപി നേതാവെന്ന് നവാബ് മാലിക്