തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ജീവിക്കാനുള്ള സമരമാണെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വിചാരിച്ചാൽ അരമണിക്കൂർ കൊണ്ട് പ്രശ്‌നം തീർക്കാവുന്നതാണ്. പ്രതികാരവും ഭീഷണിയുമായി മുന്നോട്ട് പോയാൽ നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്‌ചിതകാല സമരം നടത്തുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അതേസമയം, വിഷയത്തിൽ തീരുമാനമാകാതെ പിൻമാറില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ.
വരും ദിവസങ്ങളിൽ ആരോഗ്യകേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം. സമരത്തിലെ മഹാസംഗമത്തിൽ പങ്കെടുത്തവരെയും പണിമുടക്കിൽ ഏർപ്പെട്ടവരെയും സിപിഎം-സിഐടിയു നേതൃത്വം ഭീഷണിപ്പെടുത്തുകയാണെന്ന് അസോസിയേഷൻ പ്രസിഡണ്ട് വികെ സദാനന്ദൻ, വൈസ് പ്രസിഡണ്ട് എസ് മിനി, ജനറൽ സെക്രട്ടറി എംഎ ബിന്ദു എന്നിവർ പറഞ്ഞു.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ഇന്നലെ സമരപ്പന്തൽ സന്ദർശിച്ചു പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, മഹിളാ കോൺഗ്രസ് ഇന്നലെ മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ