ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ കന്നഡ നടിയും കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവുവിന്റെ മൊഴി പുറത്ത്. ആഫ്രിക്കൻ-അമേരിക്കൻ ശൈലിയിൽ സംസാരിക്കുന്നയാളാണ് തനിക്ക് ദുബായ് എയർപോർട്ടിൽ വെച്ച് സ്വർണം കൈമാറിയതെന്ന് രന്യ റാവു പറഞ്ഞു.
ബെംഗളൂരു വിമാനത്താവളത്തിന്റെ സർവീസ് റോഡിൽ തന്നെ കാത്തുനിൽക്കുന്ന ഓട്ടോറിക്ഷയിൽ ഉള്ളയാൾക്ക് സ്വർണം കൈമാറാനായിരുന്നു നിർദ്ദേശം. ഈ വ്യക്‌തിയെ തനിക്ക് മുൻപരിചയമില്ലെന്നും നടി ഡിആർഐ ഉദ്യോഗസ്‌ഥർക്ക് മൊഴി നൽകി. മാർച്ച് ഒന്നിന് വിദേശത്ത് നിന്ന് അജ്‌ഞാതൻ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. രണ്ടാഴ്‌ചയോളം ഇത് തുടർന്നു.
VolP നെറ്റ്‌വർക്കിൽ നിന്നാണ് ഫോൺ വന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3ന്റെ ഗേറ്റ് എയിൽ നിന്ന് സ്വർണം കൈപ്പറ്റാനും, ഇത് ബെംഗളൂരുവിൽ എത്തിക്കാനുമായിരുന്നു നിർദ്ദേശം. തന്നെ മറ്റേതെങ്കിലും രീതിയിൽ ഇത് ബാധിക്കുമോയെന്ന് പേടിച്ചത് കൊണ്ടാണ് പോലീസിനെ വിവരം അറിയിക്കാതിരുന്നതെന്നും രന്യ റാവു പറഞ്ഞു.
ദുബായ് വിമാനത്താവളത്തിലെ ഗേറ്റ് എയിലെ എക്‌സ്‌പ്രസോ മെഷീനടുത്ത് വെള്ള ഗൗൺ ധരിച്ച ആറടി ഉയരവും നല്ല ശരീരപ്രകൃതവുമുള്ള വ്യക്‌തിയെ കാണാൻ ഫോൺ വിളിച്ചയാൾ എനിക്ക് നിർദ്ദേശം നൽകി. സുരക്ഷാ പരിശോധനകൾക്ക് ശേഷം, ടാർപോളിൻ ഷീറ്റിൽ പൊതിഞ്ഞ് സ്വർണം നൽകി. നാല് ഫുൾ ബാറുകളുടെ മൂന്ന് പായ്‌ക്കറ്റും അഞ്ച് കട്ട് പീസുകൾ അടങ്ങിയ ഒരു പാക്കറ്റുമാണ് ഇയാളിൽ നിന്ന് ലഭിച്ചത്.
യൂട്യൂബ് നോക്കിയാണ് സ്വർണക്കടത്ത് രീതി പഠിച്ചത്. അരക്കെട്ടിലും പോക്കറ്റിലും തിരുകിയാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നും നടി മൊഴി നൽകി. ദുബായിൽ നിന്ന് 14.2 കിലോ സ്വർണം കടത്തുന്നതിനിടെയാണ് രന്യ റാവുവിനെ ഡിആർഐ സംഘം പിടികൂടിയത്. തുടർന്ന് നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടുകോടിയോളം രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു. നിലവിൽ ഡിആർഐയുടെ കസ്‌റ്റഡിയിലാണ് രന്യ.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി