കൊച്ചി: മലയാളത്തിലെ യുവ സംവിധായകർക്ക് പിന്നാലെ ലഹരിക്കേസിൽ കുടുങ്ങി റാപ്പർ വേടനും. ‘വേടൻ’ എന്ന് വിളിക്കുന്ന ഹിരൺ ദാസ് മുരളിയുടെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഹിൽപാലസ് പോലീസ് നടത്തിയ പരിശോധനയിലാണ് 5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവത്തിൽ വേടനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് വേടൻ സമ്മതിച്ചതായും വൈദ്യപരിശോധനയ്‌ക്ക് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു. വേടനും സഹപ്രവർത്തകരും പ്രാക്‌ടീസ് നടത്തുന്ന ഫ്‌ളാറ്റിലാണ് ഇന്ന് പരിശോധന നടത്തിയതെന്ന് ഹിൽപാലസ് സിഐ പറഞ്ഞു.
ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടൻ സമ്മതിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് നേരത്തെ നിരീക്ഷണത്തിലായിരുന്നു. വിവരം കിട്ടി എത്തിയപ്പോൾ ഇവർ വിശ്രമത്തിലായിരുന്നു. അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. നിയമനടപടിക്ക് ശേഷം വിട്ടയക്കും. വിവരം കിട്ടിയ ഉറവിടം വെളിപ്പെടുത്തുന്നില്ലെന്നും സിഐ വ്യക്‌തമാക്കി.
അതിനിടെ, ബുധനാഴ്‌ച ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിൽ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി. വാർഷികാഘോഷത്തിൽ വേടന്റെ റാപ്പ് ഷോ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും എക്‌സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെയും റെയ്‌ഡ്. വിദേശത്ത് നിന്ന് വലിയതോതിൽ ഹൈബ്രിഡ് കഞ്ചാവ് സംസ്‌ഥാനത്തെത്തിക്കാൻ ശ്രമം ശക്‌തമാണെന്ന് എറണാകുളം അസി. എക്‌സൈസ് കമ്മീഷണർ എംഎഫ് സുരേഷ് പറഞ്ഞിരുന്നു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ