കാസർഗോഡ് പെരിയ പഞ്ചായത്തിലെ ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി. പരിസ്‌ഥിതി പ്രവർത്തകനും ജില്ലാ പഞ്ചായത്തിന്റെ ജിനോം സേവ്യർ പുരസ്‌കാര ജേതാവും മാദ്ധ്യമ പ്രവർത്തകനുമായ കണ്ണാലയം നാരായണന്റെ ആയമ്പാറ ഉരുളംകോടിയിലെ കൃഷിയിടത്തിലാണ് ഓരില ചെന്താമരകൾ വിരിഞ്ഞത്.
ജില്ലയിലെ കമ്മാടം കാവിലും വലിയ പറമ്പിലും പച്ചനിറത്തിലുള്ള ഓരില താമരകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഓരില ചെന്താമരകൾ ജില്ലയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതാണ് നാട്ടുകാർക്ക് കൗതുകമായത്. ഈ സവിശേഷ താമര കാണാൻ നിരവധി പേരാണ് എത്തുന്നത്.
മഴക്കാലാരംഭത്തോടെ കിഴങ്ങിൽ നിന്നാണ് ഈ ചെടി മുള പൊട്ടി വരിക. മഴക്കാലം കഴിയുന്നതോടെ ഇലകൾ ഉണങ്ങിപ്പോകുന്നതാണ് ഈ ചെടിയുടെ ജീവിതചക്രം. മൂത്രാശയ രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കുമുള്ള ആയുർവേദ മരുന്നിനായാണ് ഓരില താമരകൾ പ്രധാനമായും ഉപയോഗിക്കുന്നത്. വയനാട് ജില്ലയിലാണ് ഓരില ചെന്താമരയെ കണ്ടെത്തിയിട്ടുള്ളത്.
‘നെർവേലിയ പ്ളിക്കാറ്റ’ എന്നാണ് ശാസ്‌ത്രീയ നാമം. ഓരിലത്താമര എന്ന പേരിൽ നെർവേലിയയുടെ നാല് സ്‌പീഷീസുകളുണ്ട്. ഓരില ചെന്താമരയെ കൂടി കണ്ടെത്തിയതോടെ നാലിനങ്ങളും ജില്ലയുടെ സ്വന്തമായി. ഇടയിലക്കാട് നെർവേലിയ സിംപ്ളക്‌സ്, നെർവേലിയ ഇൻഡഫൻഡുബിലിഫോളിയ എന്നീ ഇനങ്ങളും അഡൂർ പാഡിയിൽ വലിയ ഓരിലത്താമര (നെർവേലിയ അരഗ്വാന)യെയും നേരത്തെ കണ്ടെത്തിയതായി പരിസ്‌ഥിതി പ്രവർത്തകൻ ഡോ. ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
Most Read| ആക്‌സിയോം-4 ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു; ഇന്ത്യക്ക് അഭിമാന നിമിഷം