തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ നീക്കം. തൃശൂർ പൂരം കലക്കൽ, എഡിജിപി പി. വിജയൻ നൽകിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ദർവേഷ് സാഹിബ് അജിത് കുമാറിനെതിരെ സമർപ്പിച്ച രണ്ട് റിപ്പോർട്ടുകൾ സർക്കാർ മടക്കി അയച്ചു. അജിത് കുമാറിന് വീഴ്‌ചയുണ്ടായി എന്ന റിപ്പോർട്ടുകളാണ് മടക്കിയത്.
തൃശൂർ പൂരം കലക്കലിൽ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായിട്ടില്ല, സ്‌ഥലത്ത് ഉണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും ഫോണെടുക്കുകയോ സ്‌ഥലത്തെത്തുകയോ ചെയ്‌തില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്‌ഥ ഉണ്ടായെന്നും നടപടിക്ക് ശുപാർശ ചെയ്യുന്നതുമായിരുന്നു റിപ്പോർട്.
പി. വിജയനെതിരെ അജിത് കുമാർ നൽകിയ തെറ്റായ മൊഴിയെ കുറിച്ചായിരുന്നു രണ്ടാമത്തെ റിപ്പോർട്. കരിപ്പൂർ സ്വർണക്കടത്ത് സംഘവുമായി പി. വിജയന് ബന്ധമുണ്ടെന്ന് അന്ന് മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് തനിക്ക് മൊഴിനൽകിയിട്ടുണ്ടെന്ന് അജിത് കുമാർ പറഞ്ഞിരുന്നു. ഇതിനെതിരെ പി. വിജയൻ ഡിജിപിക്ക് പരാതി നൽകുകയും, സുജിത് ദാസ് താൻ അങ്ങനെ ഒരു മൊഴി നൽകിയിട്ടില്ലെന്നും, അജിത് കുമാർ പറഞ്ഞത് വ്യാജ മൊഴിയാണെന്ന് പറയുകയും ചെയ്‌തിരുന്നു.
ഈ രണ്ട് സംഭവത്തിലും അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായി എന്നാണ് ഡിജിപിയുടെ അന്വേഷണ റിപ്പോർട്. എന്നാൽ, ഈ റിപ്പോർട്ടുകളിലാണ് സർക്കാർ ഇപ്പോൾ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പോലീസ് മേധാവി വിഷയങ്ങൾ പരിശോധിച്ച് പുതിയ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ റിപ്പോർട്ടുകൾ മടക്കിയിരിക്കുന്നത്.
അതിനിടെ, അനധികൃത സ്വത്തുസമ്പാദന കേസിൽ വിജിലൻസ് സമർപ്പിച്ച ക്ളീൻ ചിറ്റ് റിപ്പോർട് തള്ളിയ വിജിലൻസ് കോടതി വിധിക്കെതിരെ അജിത് കുമാർ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും അപ്പീൽ നൽകാനിരിക്കുകയാണ്.
Most Read| ഓണക്കിറ്റ് വിതരണം നാളെമുതൽ; വെളിച്ചെണ്ണ അടക്കം 15 ഇനം സാധനങ്ങൾ