ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ ഗണ്യമായ വർധന സംഭവിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നത്തെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 1416 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടെന്നും രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 4,000 പിന്നിട്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിന് പുറമെ, മഹാരാഷ്ട്ര- 494, ഗുജറാത്ത്- 397 എന്നിങ്ങനെ പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്തത്. ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യുന്നത്. ഈ കാലയളവിൽ 512 പേർ രാജ്യത്ത് രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു.
ഇന്നലെയും ഇന്നുമായി രാജ്യത്ത് 5 കോവിഡ് മരണങ്ങളാണ് റിപ്പോർട് ചെയ്തത്. കേരളം, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിൽ ഓരോ മരണവും മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങളും റിപ്പോർട് ചെയ്തു. ഡെൽഹി, ബംഗാൾ, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ ഗണ്യമായ വർധനവ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്. പനി, ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുള്ള എല്ലാവർക്കും കോവിഡ്-19 പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കുലർ പുറത്തിറക്കി. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെങ്കിൽ ആർടിപിസിആർ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്കും നിർബന്ധമാക്കി.