ഒറ്റപ്പാലം: സുന്ദരയ്യർ റോഡിൽ ഡോക്ടർ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ വാതിൽ കുത്തിതുറന്ന് കവർച്ച. ഒന്നര പവൻ സ്വർണ മാലയും 7,000 രൂപ വിലമതിക്കുന്ന വാച്ചും ഏതാനും വിദേശ കറൻസികളും ആണ് കവർച്ച പോയത്. അന്വേഷണം തുടങ്ങി 4 മണിക്കൂറിനുള്ളിൽ മോഷണ സംഘത്തിലെ ഒരാൾ പോലീസിന്റെ പിടിയിലായി. ഒറ്റപ്പാലം കാത്തിരകടവ് കാളംതൊടിയിൽ കാജാ ഹുസ്സൈൻ (47) ആണ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പിടിയിലായത്. മറ്റൊരു പ്രതി പോലീസിന്റെ വലയിലായതായും സൂചനയുണ്ട്. ഐഎംഎ വള്ളുവനാട് ശാഖ സെക്രട്ടറി ഡോ.വി. എസ്. വിനോദിൻറെ വാടക വീട്ടിലാണ് കവർച്ച നടന്നത്.
ശനിയാഴ്ച രാത്രി കുടുബത്തോടൊപ്പം ലക്കിടിയിലെ ഭാര്യ വീട്ടിലായിരുന്ന ഡോ. വിനോദ് ഇന്നലെ രാവിലെ ഏഴോടെ ഒറ്റപ്പാലത്തെ വീട്ടിൽ എത്തിയപ്പോൾ, ക്ലിനിക്കായി ഉപയോഗിക്കുന്ന മുൻവശത്തെ മുറിയുടെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. വീട്ടിലെ എല്ലാ മുറികളിലെയും അലമാരകളും ഷെൽഫുകളും തുറന്നു സാധന സാമഗ്രികൾ വാരിവലിച്ച് അലങ്കോലപ്പെടുത്തിയിരുന്നു. മോഷ്ട്ടാക്കൾ ഡൈനിങ് ഹാളിലിരുന്ന് മദ്യപിച്ചതിന്റെ ലക്ഷണങ്ങളും കാണപ്പെട്ടു. മദ്യപിക്കാൻ ഉപയോഗിച്ച 2 ഗ്ലാസുകൾ മേശപുറത്തുണ്ടായിരുന്നു. ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.
ഒറ്റപ്പാലം സിഐഎം സുജിത്തിന്റെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ്ഐ വി. ഹേമലത, പിഎൽ ജോർജ്ജ്, ജേക്കബ് വർഗീസ്, കെ. ജയകുമാർ, സിഎസ് സാജിദ്, ദീപു ഉണ്ണിത്താൻ, മെയ്സൽ ഹക്കിം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.






































