തിരുവനന്തപുരം: കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ ബിജെപി പ്രവർത്തകൻ ആത്‍മഹത്യ ചെയ്‌തു. തൃക്കണാപുരം വാർഡിൽ സ്‌ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ആത്‍മഹത്യ ചെയ്‌തത്. സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.
മാദ്ധ്യമ സ്‌ഥാപനങ്ങളിലേക്ക് വാട്‌സ് ആപ്പിലൂടെ ആത്‍മഹത്യാ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. ആർഎസ്എസിന്റെ ജില്ലാ കാര്യകർത്താക്കളെ തൃക്കണ്ണാപുരത്ത് മൽസരിക്കുന്നതിനുള്ള താൽപര്യം താൻ നേരിട്ട് അറിയിച്ചിരുന്നു എന്നാണ് ആനന്ദ് ആത്‍മഹത്യാ കുറിപ്പിൽ പറയുന്നത്.
മണ്ണ് മാഫിയ സംഘം ആർഎസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോൾ തൃക്കണ്ണാപുരം വാർഡിൽ തനിക്ക് ബിജെപി സ്‌ഥാനാർഥിയാകാൻ സാധിച്ചില്ലെന്നും കുറിപ്പിൽ പറയുന്നു. സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കാൻ തീരുമാനിച്ചപ്പോൾ ആർഎസ്എസ് പ്രവർത്തകരുടെയും ബിജെപി പ്രവർത്തകരുടെയും മാനസികമായ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നുവെന്നും ആനന്ദ് കുറിപ്പിൽ പറയുന്നു.
തന്റെ ഭൗതികശരീരം എവിടെ കൊണ്ടുപോയി കുഴിച്ചിട്ടാലും സാരമില്ല. പക്ഷേ, ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്നും കുറിപ്പിലുണ്ട്. തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണെന്നും കുറിപ്പിൽ ആനന്ദ് എഴുതിയിട്ടുണ്ട്.
അതേസമയം, സ്‌ഥാനാർഥി പട്ടികയിൽ ആനന്ദ് ഇല്ലായിരുന്നു എന്നാണ് ബിജെപി നേതൃത്വം പറയുന്നത്. തൃക്കണ്ണാപുരം വാർഡിലെ സ്‌ഥാനാർഥികളുടെ പാനൽ ചർച്ചയ്‌ക്ക് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജീവനൊടുക്കിയതിന് പിന്നിൽ എന്താണ് കാരണമെന്ന് കണ്ടുപിടിക്കാൻ ജില്ലാ അധ്യക്ഷന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| എറണാകുളം- ബെംഗളൂരു വന്ദേഭാരതിൽ പുനഃക്രമീകരണം; ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ






































