കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (എസ്ഐടി) വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം ഉണ്ടാകുന്നതിനെ തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം.
കേസിലെ പ്രതി പങ്കജ് ഭണ്ഡാരി എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. പ്രതികൾ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്ത് വരുമ്പോൾ ജനത്തിന് അന്വേഷണത്തിൽ സംശയം ഉണ്ടാകുന്നു. അത് തടയാനുള്ള ഇടപെടൽ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതല്ലേ എന്ന് കോടതി ആരാഞ്ഞു.
എന്നാൽ കുറ്റപത്രം സമർപ്പിക്കുന്നതിന് കടമ്പകൾ ഉണ്ടെന്നാണ് എസ്ഐടിയുടെ വിശദീകരണം. കേസിൽ നേരത്തെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും മുരാരി ബാബുവിന് ജാമ്യം ലഭിച്ചത്.
90 ദിവസമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങാം. അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യത്തിൽ ഇറങ്ങാതിരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് അന്വേഷണ സംഘം. പോറ്റിക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് നീക്കം. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ കേസെടുത്തേക്കും.
തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ എത്തിയിരുന്നു. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും അനുമതി ലഭിച്ച ശേഷമാകും നടപടികളിലേക്ക് കടക്കുക. ഫെബ്രുവരി എട്ടിന് കട്ടിളപ്പാളി കേസിൽ പോറ്റി അറസ്റ്റിലായി 90 ദിവസം പിന്നിടും. ദ്വാരപാലക കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളിക്കേസ് കൂടിയുള്ളതിനാൽ ജയിലിൽ നിന്നും പുറത്തിറങ്ങാനായിരുന്നില്ല. ഈ കേസിൽ റിമാൻഡിൽ തുടരുകയാണ്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ



































