പത്തനംതിട്ട: വടശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു.
അപകടത്തിൽ ഒരാളുടെ കാൽ അറ്റുപോയി. ബസ് കാലിലേക്ക് വീണാണ് കാൽ അറ്റുപോയത്. 49 പേരാണ് ബസിൽ ഉണ്ടയായിരുന്നത്. ഇതിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇവർ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, വടശേരിക്കര-പമ്പ റോഡിൽ അപകടം തുടർക്കഥയാവുകയാണ്. ഈ മണ്ഡലകാലത്ത് മാത്രം നാലാമത്തെ ബസാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.
ഇന്നലെ കൊല്ലം നിലമേലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേര്‍ മരിച്ചിരുന്നു. തീർഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവരാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു അപകടം.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്



































