ചരിത്രത്തിൽ ആദ്യമായി ശബരിമല മെസ് നടത്തിപ്പിന്റെ ചുമതല ഒരു വനിതയ്‌ക്ക്. കൊല്ലം തേവലക്കര സ്വദേശി സുധ പഴയമഠമാണ് മൽസര ടെൻഡറിലൂടെ ഇത്തവണ മെസ് നടത്തിപ്പിന്റെ കരാർ സ്വന്തമാക്കിയത്. ദേവസ്വം ഉദ്യോഗസ്‌ഥർക്കും മറ്റു ജീവനക്കാർക്കുമായി സന്നിധാനത്ത് മാത്രം ദിവസവും അയ്യായിരത്തോളം പേർക്ക് മൂന്നുനേരം ഭക്ഷണം നൽകുകയെന്ന ഉത്തരവാദിത്തമാണ് സുധ ഏറ്റെടുത്തത്.
കൂടാതെ, പമ്പയിൽ രണ്ടായിരത്തോളം പേർക്കും നിലയ്‌ക്കലിൽ 1500 പേർക്കും ഭക്ഷണം നൽകുന്നതും സുധയുടെ ഉത്തരവാദിത്തത്തിലാണ്. സാധനങ്ങൾ എത്തിക്കുന്നതിനും പാചകത്തിനും നൂറോളം ജീവനക്കാർക്കൊപ്പം നേതൃത്വം നൽകി 24 മണിക്കൂറും സന്നിധാനത്തെ ദേവസ്വം മെസിൽ സുധയുമുണ്ട്. മണ്ഡലകാലം തുടങ്ങിയപ്പോൾ ഇവിടെയെത്തിയ സുധ ഇനി മകരവിളക്ക് കഴിഞ്ഞാലേ മലയിറങ്ങൂ.
വീട്ടമ്മയായ സുധ 2006-ലാണ് കുടുംബശ്രീയുടെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണം നൽകുന്ന കാറ്ററിങ് യൂണിറ്റ് തുടങ്ങുന്നത്. പിന്നീട് അത് കൂടുതൽ വിപുലമാക്കി. വിവിധ സർക്കാർ പരിപാടികളിൽ ഭക്ഷണം നൽകുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ‘ക്വാളിറ്റി’ എന്ന പേരിൽ കാറ്ററിങ് ജോലി വിപുലീകരിച്ചതോടെ കൂടുതൽ വലിയ പരിപാടികളിൽ ഭക്ഷണം വിളമ്പാൻ സുധയ്‌ക്ക് കഴിഞ്ഞു.
കഴിഞ്ഞവർഷം സുധ ശബരിമലയിൽ ദർശനത്തിനെത്തിയിരുന്നു. ഇത്തവണ ശബരിമലയിൽ മെസ് ടെൻഡറിനെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ക്വോട്ടുചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മണ്ഡലകാലത്ത് ശബരിമലയിൽ സേവനത്തിനെത്തുന്ന വിവിധ മേഖലയിൽ ഉള്ളവർക്ക് ഭക്ഷണം നൽകുന്നത് വെല്ലുവിളിയാണെന്ന് സുധ പറയുന്നു.
ആദ്യ ദിവസങ്ങളിൽ തയ്യാറാക്കിയ ഭക്ഷണത്തിന്റെ അളവിൽ ചെറിയ കുറവുണ്ടായത് വലിയ പരാതിക്ക് ഇടയാക്കിയിരുന്നു. എന്നാൽ, അത് വെല്ലിവിളിയായെടുത്ത് അടുത്തദിവസം മുതൽ പരാതിരഹിതമായി മെസ് നടത്താനായെന്ന് സുധ പറയുന്നു. പൊതുപ്രവർത്തകനായ മകൻ സംഗീത് പഴയമഠവും കൂട്ടായി ഒപ്പമുണ്ട്. പ്രവാസിയായിരുന്ന വിജയൻപിള്ളയാണ് സുധയുടെ ഭർത്താവ്. ഡോ. സ്വാതി എസ് പിള്ളയാണ് മകൾ.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി






































