മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. മഹാരാഷ്‌ട്രയിലെ താനെയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രതി പിടിയിലായത്. ബിജെ എന്ന മുഹമ്മദ് അലിയാനാണ് പിടിയിലായത്. വിജയ് ദാസ് എന്നുകൂടി പേരുള്ള ഇയാൾ, നടന്റെ വീട്ടിൽക്കയറി ആക്രമണം നടത്തിയെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. മുംബൈയിലെ റസ്‌റ്റോറന്റ് ജീവനക്കാരനാണ് പ്രതി. താനെയിലെ ഹിരാനന്ദാനി എസ്‌റ്റേറ്റിലെ മെട്രോ നിർമാണ സ്‌ഥലത്തിന് സമീപത്തെ ലേബർ ക്യാമ്പിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്‌തു. പിന്നാലെ കുറ്റം സമ്മതിക്കുകയായിരുന്നു. രാവിലെ കോടതിയിൽ ഹാജരാക്കും.
വ്യാജ തിരിച്ചറിയൽ രേഖയുള്ളതിനാൽ ആക്രമി ഇന്ത്യക്കാരനാണോ ബംഗ്ളാദേശ് പൗരനാണോ എന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നാലെ സെയ്‌ഫിന്റെ വീട്ടിൽ നിന്ന് പ്രതി പടികൾ ഇറങ്ങുന്ന സിസിടിവി ദൃശ്യം മുംബൈയിലും സമീപ പ്രദേശങ്ങളിലും പോലീസ് പോസ്‌റ്റർ പതിപ്പിച്ചിരുന്നു. പ്രതിയെ പിടിക്കാൻ 20 സംഘത്തെയാണ് നിയോഗിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ഛത്തീസ്‌ഗഡിലെ ദുർഗിൽ നിന്ന് ഒരാളെ കസ്‌റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്‌റ്റ്. ആകാശ് കൈലാസ കന്നോജിയ (31) എന്നയാളെ ചോദ്യം ചെയ്യാൻ മുംബൈ പോലീസ് ദുർഗിലെത്തിയിരുന്നു. ശനിയാഴ്‌ച മധ്യപ്രദേശിൽ നിന്നും ഒരാളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
വ്യാഴാഴ്‌ച പുലർച്ചെ രണ്ടര മണിയോടെയാണ് ബാന്ദ്ര വെസ്‌റ്റിലെ വീട്ടിൽ മോഷണത്തിനെത്തിയ പ്രതിയുടെ ആക്രമണത്തിൽ സെയ്‌ഫ് അലിഖാന് കുത്തേറ്റത്. കഴുത്തിനും നട്ടെല്ലിന് സമീപവും ഉൾപ്പടെ നടന് ആഴത്തിൽ കുത്തേറ്റു. ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കുകയായിരുന്നു. ആശുപത്രിയിൽ ചികിൽസയിലുള്ള നടന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും








































