തിരുവനന്തപുരം: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. രാജ്യത്തിൻറെ അസ്‌തിത്വത്തെ ചോദ്യം ചെയ്യുകയാണ് സജി ചെറിയാൻ. സജി ചെറിയാന്റെ വിവാദ പ്രസ്‌താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
ഭരണഘടനയിൽ വിശ്വാസം ഇല്ലെങ്കിൽ സജി ചെറിയാൻ എന്തിന് സത്യപ്രതിജ്‌ഞ ചെയ്‌ത് മന്ത്രിയായെന്ന് സുധാകരൻ ചോദിച്ചു. ഭരണഘടനാവിരുദ്ധ പരാമർശത്തിൽ സീതാറാം യെച്ചൂരി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കിയില്ലെങ്കിൽ, കോൺഗ്രസ് പ്രക്ഷോപത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടോയെന്ന് തനിക്കറിയില്ല. സിപിഐഎമ്മിലെ ബുദ്ധിയുള്ള ആളുകൾ സജി ചെറിയാനെ തിരുത്തണം. ബാലകൃഷ്‌ണന് കഴിയാത്തപ്പോൾ സജി ചെറിയാന് എങ്ങനെ തുടരാൻ സാധിക്കുമെന്നും സുധാകരൻ ചോദിച്ചു. ഭരണഘടനയെ അംഗീകരിക്കാത്ത രണ്ടു പാർട്ടികളിൽ ഒന്നാണ് സിപിഐഎം. ആർഎസ്എസാണ് രണ്ടാമത്തേത്.
സ്വാതന്ത്രത്തെയും ഭരണഘടനയെയും സിപിഐഎം അംഗീകരിച്ചിട്ടില്ല. നാടിനൊപ്പം ചേർന്ന് രാജ്യത്തോട് കൂറ് കാണിക്കണമെന്ന് സിപിഐഎം നേതാക്കളോട് ആവശ്യപ്പെടുകയാണ്. സാധിക്കുന്നില്ലെങ്കിൽ രാജ്യത്ത് തുടരാൻ കഴിയില്ല. സജി ചെറിയാന്റെ പ്രസ്‌താവനയോട് യോജിപ്പുണ്ടോ എന്ന് യെച്ചൂരി പറയണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
Most Read: അവയവദാന ശസ്‌ത്രക്രിയ സംവിധാനങ്ങൾ ശക്‌തിപ്പെടുത്താൻ സംസ്‌ഥാനത്തിന് ഒന്നരക്കോടി രൂപ