ആലപ്പുഴ: ആശാ വർക്കർമാരുടെ സമരത്തിനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ സമരം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് മന്ത്രിയുടെ ആരോപണം. തെറ്റിദ്ധരിക്കപ്പെട്ട കുറച്ചു പേരാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നതെന്നും, ആശമാർ സമരത്തിൽ നിന്ന് പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വസ്‌തുതാപരമായ കാര്യം സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. എല്ലാവരുടെയും ആവശ്യങ്ങൾ സർക്കാരിന് ഇപ്പോൾ അംഗീകരിക്കാൻ കഴിയില്ല. നിശ്‌ചയിച്ച കാര്യങ്ങൾ കൃത്യമായി നൽകുകയാണ് ആദ്യ പരിഗണനയെന്നും മന്ത്രി പറഞ്ഞു.
”ഇവരാരും കേന്ദ്രത്തിന് മുന്നിൽ പോയി സമരം ചെയ്യുകയോ, കേന്ദ്രത്തിനെതിരെ സംസാരിക്കാനോ തയ്യാറാകുന്നില്ല. അതാണ് രാഷ്‌ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് പറയാൻ കാരണം. അത് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ ഇടതുപക്ഷ സർക്കാരിനുണ്ട്. സഹോദരിമാർ സമരത്തിൽ നിന്ന് പിൻമാറണം. സർക്കാരിന് സാമ്പത്തികശേഷി വന്നു കഴിഞ്ഞാൽ ആദ്യം പരിഗണിക്കുക ആശാപ്രവർത്തകരെ ആയിരിക്കും”- മന്ത്രി ഉറപ്പ് നൽകി.
”ആശമാരെ കുത്തിയിളക്കിവിട്ട് സമരം ചെയ്യിപ്പിക്കുന്ന ഒരു ടീം ഉണ്ട്. കെ റെയിൽ സമരത്തിന് പിന്നിൽ അങ്ങനെ ഒരു ടീം ഉണ്ടായിരുന്നു. അന്ന് അത് പറഞ്ഞതിന് എന്റെ നേരെ തിരിഞ്ഞു. മാദ്ധ്യമങ്ങൾ ഇങ്ങനെ ഊതി പെരുപ്പിച്ചതുകൊണ്ട് ആശമാർക്ക് കാശ് കൊടുക്കാൻ ഉണ്ടാകുമോ?
ആശമാരെ നയിക്കുന്ന സംഘടനയ്‌ക്ക് ഒപ്പം ആരും ഇല്ല. അവർ നടത്തുന്ന സമരത്തെ വലതുപക്ഷ രാഷ്‌ട്രീയ പാർട്ടികൾ ഇടതു പക്ഷത്തെ അടിക്കാനുള്ള വടിയായി എടുത്ത് ഉപയോഗപ്പെടുത്തുന്നു. പാവപ്പെട്ട സ്‌ത്രീകൾ അത് വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എന്തിനാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയല്ലേ ഞങ്ങൾ ഇങ്ങനെ പുലി പോലെ നിൽക്കുന്നത്”- സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി