തിരുവനന്തപുരം: ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ. വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മന്ത്രി സജി ചെറിയാനിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. അതനുസരിച്ച് തുടർനടപടികൾ എടുക്കേണ്ടത് മുഖ്യമന്ത്രി ആണെന്നും ഗവർണർ പറഞ്ഞു.
പ്രസംഗത്തിന്റെ വിശദാംശങ്ങൾ അറിയില്ല. വിശദാംശങ്ങൾ അറിയാതെ പ്രതികരിക്കുന്നത് അനുചിതമല്ല. സത്യപ്രതിജ്‌ഞ പാലിക്കാൻ എല്ലാവരും ബാധ്യസ്‌ഥരാണ്. ഭരണഘടനാ മൂല്യം എല്ലാവരും ഉയർത്തി പിടിക്കുമെന്ന് വിശ്വസിക്കുന്നു. വിഷയം താൻ നിരീക്ഷിക്കുകയാണ്. ഭരണഘടനക്ക് എതിരായ വിമർശനത്തിൽ മന്ത്രി മാപ്പ് പറഞ്ഞതായി അറിഞ്ഞിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞു. തുടർനടപടി വിലയിരുത്തിയ ശേഷം വിഷയത്തിൽ ഇടപെടും. ഭരണഘടന ദേശീയ വിശ്വാസത്തിന്റെ പ്രതീകമാണ്. ഭരണഘടനയോട് എല്ലാവരും കൂറ് പുലർത്തുമെന്ന് വിശ്വസിക്കുന്നു. ഭരണഘടനയെ അനുസരിക്കുക എന്നത് പൗരൻമാരുടെ കർത്തവ്യമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതിനിടെ, വിവാദ പ്രസ്‌താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രസംഗം തെറ്റിദ്ധരിച്ചതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു. ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്‌തിയാണ് താനെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Most Read: കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി