ആലപ്പുഴ: കേരളത്തോടുള്ള നീതി നിഷേധമാണ് ഇതുവരെ എയിംസ് അനുവദിക്കാത്തതെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിന് എയിംസ് അനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ രാവിലെ 11ന് സ്‌ഥലം കൊടുക്കും. മന്ത്രി എന്ന നിലയിലും പാർട്ടി ഭാരവാഹി എന്ന നിലയിലുമാണ് പറയുന്നതെന്നും സജി ചെറിയാൻ വ്യക്‌തമാക്കി.
അരൂകുറ്റിയിൽ പെരിയാർ സ്‌മാരകത്തിന്റെ ശിലാസ്‌ഥാപന ചടങ്ങിനുശേഷം സംസാരിക്കവെ സജി ചെറിയാൻ പറഞ്ഞു. ”200 അല്ല അതിൽ കൂടുതൽ ഏക്കർ തരാനും തയ്യാറാണ്. സുരേഷ് ഗോപി തട്ടുപൊളിപ്പൻ രാഷ്‌ട്രീയം കളിക്കുകയാണ്. ആത്‌മാർഥത ഉള്ളതുകൊണ്ടല്ല, ഭിന്നിപ്പിന്റെ രാഷ്‌ട്രീയമാണ് സുരേഷ് ഗോപിക്കുള്ളത്.
ആലപ്പുഴയിൽ എയിംസ് തരാമെന്ന് പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടൻമാർ ആക്കണ്ട. അസംബ്ളി, പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത് പറയുന്നത്. കുട്ടനാടിന് കേന്ദ്രം ഒന്നും നൽകിയിട്ടില്ല. പ്രളയം വന്നപ്പോഴും നൽകിയില്ല. വയനാടിനും ഒന്നും നൽകിയില്ല. ഇപ്പോൾ കുട്ടനാട്ടിൽ കേന്ദ്ര സമിതി സന്ദർശനം നടത്തുകയാണ്. കൃഷി മന്ത്രി അറിഞ്ഞില്ല. ജില്ലയിലെ മന്ത്രിയായ ഞാനും അറിഞ്ഞില്ല. അവിടുത്തെ എംഎൽഎയും അറിഞ്ഞില്ല”- അദ്ദേഹം പറഞ്ഞു.
കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്‌ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞദിവസം ആവർത്തിച്ചിരുന്നു. വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ടെന്നും സംസ്‌ഥാനത്തെ വിവിധ ജില്ലകളുമായി താരതമ്യം ചെയ്‌താൽ ആലപ്പുഴയ്‌ക്ക് എയിംസിന് യോഗ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Most Read| പെരുവള്ളൂർ പഞ്ചായത്തിൽ ഇന്ന് മുതൽ ഷീ ബസ് ഓടും; വനിതകൾക്ക് സൗജന്യ യാത്ര