തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദർഷിപ്പായ സാൻ ഫെർണാണ്ടോ നാളെ തിരിക്കും. കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ ഇറക്കുന്നത് പുരോഗമിക്കുകയാണ്. ആയിരത്തിലേറെ കണ്ടെയ്‌നറുകൾ ഇതുവരെ ഇറക്കി. ആകെ 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. 607 കണ്ടെയ്‌നറുകൾ തിരികെ കയറ്റിയ ശേഷം റീ പൊസിഷൻ ചെയ്യുന്ന ജോലിയും നടക്കും.
തുടർന്ന് സാൻ ഫെർണാണ്ടോ ഞായറാഴ്‌ച രാവിലെ തിരികെ പോകും. കൊളംബോ തുറമുഖമാണ് സാൻ ഫെർണാണ്ടോയുടെ അടുത്ത ലക്ഷ്യം. പുതിയ തുറമുഖം ആയതിനാൽ ട്രയൽ റണ്ണിൽ കണ്ടെയ്‌നറുകൾ ഇറക്കുന്നത് സാവധാനത്തിൽ ആയിരുന്നു. ഇതാണ് കപ്പലിന്റെ മടക്കയാത്ര ഒരു ദിവസം കൂടി നീണ്ടത്. ഓട്ടമേറ്റഡ് സംവിധാനത്തിലാണ് പ്രവർത്തനം.
കപ്പൽ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദർഷിപ്പായ സാൻഫെർണാണ്ടോയാണ് വ്യാഴാഴ്‌ച രാവിലെ വിഴിഞ്ഞം തീരമണഞ്ഞത്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു. ചെണ്ടകൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചത്. ഇന്നലെ രാവിലെ സർക്കാരിന്റെ നേതൃത്വത്തിലും കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകി. സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട് എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്.
Most Read| യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കൊച്ചി മെട്രോയിൽ രണ്ട് അധിക ട്രെയിനുകൾ