തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്ജിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ തന്നെ നിർബന്ധിച്ചതായാണ് കത്തിൽ വ്യക്തമാക്കുന്നത്. കൂടാതെ അന്വേഷണം വഴിതെറ്റിക്കാൻ ഇഡി ശ്രമിക്കുന്നതായും സന്ദീപ് നായർ കത്തിൽ പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഉൾപ്പടെ ഉള്ളവരുടെ പേരുകൾ പറഞ്ഞാൽ ജാമ്യം കിട്ടുന്നതിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്യാമെന്നും, അല്ലാത്തപക്ഷം ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരുമെന്നും തന്നെ ഭീഷണിപ്പെടുത്തിയതായി കത്തിൽ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. തന്റെ ജീവന് ഇഡി ഉദ്യോഗസ്ഥരിൽ നിന്നും ഭീഷണിയുണ്ടെന്നും കത്തിൽ സന്ദീപ് നായർ പറഞ്ഞിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇഡി ഇല്ലാക്കഥകൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണ് ചെയ്തതെന്നും സന്ദീപ് നായർ വ്യക്തമാക്കി. എന്നാൽ കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഇഡി സംശയിക്കുന്നത്. കസ്റ്റഡിയിൽ ഉണ്ടായിരുന്ന സമയത്ത് പ്രതി ഇത്തരം പരാതികൾ കോടതിയിൽ പറഞ്ഞിട്ടില്ലെന്നും ഇഡി കൂട്ടിച്ചേർത്തു. പോലീസുകാരും, പ്രതിയും ഇഡിക്കെതിരെ നൽകിയ മൊഴിയെക്കുറിച്ച് ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്. സന്ദീപിന്റെ നീക്കത്തിന് പിന്നിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്.
Read also : ‘ഇറക്കുമതി സ്ഥാനാര്‍ഥികളെ വേണ്ട’; പോസ്റ്റർ പ്രതിഷേധം, തലവേദന ഒഴിയാതെ കോൺഗ്രസ്







































