കൊച്ചി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നതായാണ് വിവരം. സുവിശേഷ പ്രാസംഗികൻ പാസ്‌റ്റർ കെഎ പോളിന്റെ ഇടപെടലിലുള്ള അതൃപ്‌തിയാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. തുടക്കം മുതൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചുവരുന്ന സംഘടനയാണിത്.
നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേർന്ന സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ആക്ഷൻ കൗൺസിലിന്റെ പ്രസക്‌തി നഷ്‌ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഭാരവാഹികൾ പറയുന്നു. അതേസമയം, നിമിഷപ്രിയയുടെ മോചനത്തിൽ കെഎ പോൾ നടത്തുന്ന നീക്കങ്ങളെ കേന്ദ്ര സർക്കാർ തള്ളിപ്പറഞ്ഞിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിന് ശേഷം തുടർനടപടികളിൽ അനിശ്‌ചിതത്വം തുടരുകയാണ്. ദയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീർപ്പിൽ എത്തിയിട്ടില്ല. ഇതിനിടെയാണ് ഗ്ളോബൽ പീസ് ഇനീഷ്യേറ്റീവ് സ്‌ഥാപകൻ കെഎ പോൾ വിഷയത്തിലേക്ക് കടന്നുവരുന്നത്.
നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ ഒരുഭാഗത്ത് ശക്‌തമായ ഇടപെടൽ നടത്തുമ്പോൾ പോളിന് പിന്തുണ നൽകുന്ന സമീപനമാണ് നിമിഷപ്രിയയുടെ ഭർത്താവ് ടോമി സ്വീകരിക്കുന്നത്. ആക്ഷൻ കൗൺസിലിനെതിരെ നിലപാട് സ്വീകരിക്കുന്ന ആളാണ് കെഎ പോൾ.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളിൽ നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്ന് ആവശ്യപ്പെട്ട് പോൾ കഴിഞ്ഞദിവസം കോടതിയിൽ ഹരജി ഫയൽ ചെയ്‌തിരുന്നു. ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തിൽ ഇനിയും മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ വ്യക്‌തമാക്കുന്നത്.
Most Read| ‘ട്രംപിന്റെ വിശ്വസ്‌തൻ’; സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസിഡർ