മലപ്പുറം: താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. അതേസമയം, വിദ്യാർഥിനികൾ മുംബൈയിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിക്ക് പെൺകുട്ടികൾ ട്രെയിൻ മാർഗമാണ് പോയത്. എടവണ്ണ സ്വദേശിയായ ഒരു യുവാവും മുംബൈയിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബുധനാഴ്‌ച പരീക്ഷയ്‌ക്കായി വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. അശ്വതിയും ഫാത്തിമയും പരീക്ഷയ്‌ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകരാണ് വീട്ടുകാരെ അറിയിച്ചത്. പിന്നാലെയാണ് താനൂർ പോലീസിൽ പരാതി നൽകിയത്.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് പെൺകുട്ടികളുടെ മൊബൈൽഫോൺ അവസാനമായി ഓൺ ആയത്. അവസാന ടവർ ലൊക്കേഷൻ കോഴിക്കോടായിരുന്നു. ഇതോടെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാൻ പോലീസ് തീരുമാനിച്ചത്. ബുധനാഴ്‌ച ഉച്ചയോടെ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
സ്‌കൂൾ യൂണിഫോമിലായിരുന്ന വിദ്യാർഥിനികളെ മറ്റൊരു വസ്‌ത്രം ധരിച്ച നിലയിലാണ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്. ഇരുവരും തിരൂരിൽ നിന്ന് ട്രെയിൻ കയറി കോഴിക്കോട് എത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്ന് കാണാതാകുന്നതിന് മുൻപ് രണ്ട് പെൺകുട്ടികളുടെയും മൊബൈൽ ഫോണുകളിലേക്ക് കോൾ വന്നതായി പോലീസ് പറയുന്നുണ്ട്. എന്നാൽ, ഈ സിം കാർഡിന്റെ ലൊക്കേഷൻ മഹാരാഷ്‌ട്രയിലാണ്.
Most Read| അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കില്ല; നടപടിയുമായി യുഎസ്