കേപ് കനവറൽ: ചന്ദ്രന്റെ ഉപരിതലത്തിൽ പ്രവേശിക്കാൻ കഴിയുന്ന രീതിയിലുള്ള ഗുഹ കണ്ടെത്തിയാതായി ശാസ്‌ത്രജ്‌ഞർ. ഭാവിയിൽ ഇത് മനുഷ്യർക്ക് വാസയോഗ്യമായി തീരാനിടയുണ്ടെന്നും ശാസ്‌ത്രജ്‌ഞൻമാർ സ്‌ഥിരീകരിച്ചു. നേച്ചർ ആസ്‌ട്രോണമി ജേർണലിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. അപ്പോളോ 11 ലാൻഡ് ചെയ്‌ത സ്‌ഥലത്തിന് സമീപമാണ് ഈ ഗുഹയുള്ളത്.
55 വർഷം മുൻപ് 1969ൽ നീൽ ആംസ്‌ട്രോങ്ങും ബസ് ആൻഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ ‘പ്രശാന്തിയുടെ കടൽ’ ഭാഗത്ത് നിന്ന് 400 കിലോമീറ്റർ മാറിയാണിത്. ഇത്തരത്തിൽ വാസയോഗ്യമായ നൂറുകണക്കിന് ഗുഹകൾ ചന്ദ്രനിൽ ഉണ്ടാകാമെന്നും അഗ്‌നിപർവത സ്‌ഫോടനത്തിലൂടെ രൂപംകൊണ്ട ഇവ ചന്ദ്രനിൽ എത്തുന്നവർക്ക് താവളമായി ഉപയോഗിക്കാനാകുമെന്നും നേച്ചർ ആസ്‌ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പാർട്ടിലുണ്ട്.
ചന്ദ്രന്റെ കഠിനമായ ഉപരിതല പരിസ്‌ഥിതി പോലെയല്ല ഈ ഗുഹയിലേതെന്നാണ് കണ്ടെത്തൽ. ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ദീർഘകാല പര്യവേഷണത്തിന് അനുകൂലമാണ് ഈ സ്‌ഥലം. ഇതുവരെ കണ്ടെത്തിയിട്ടുള്ള ചന്ദ്രനിലെ ഏറ്റവും വലിയ കുഴിയിൽ നിന്നാണ് ഗുഹയിലേക്ക് പ്രവേശിക്കാൻ കഴിയുക. 45 മീറ്റർ വീതിയും 80 മീറ്റർ വരെ നീളവുമാണ് ഈ ഗുഹയ്‌ക്കുള്ളത്.
ചന്ദ്രനിൽ സ്‌ഥിരമായ ഒരു കേന്ദ്രം സ്‌ഥാപിക്കാൻ നാസ ലക്ഷ്യമിടുന്നുണ്ട്. ചൈനയും റഷ്യയും ചാന്ദ്ര ഗവേഷണ ഔട്ട്‌പോസ്‌റ്റുകൾ തുടങ്ങാനുള്ള താൽപ്പര്യം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, കോസ്‌മിക് വികിരണങ്ങൾ ഏൽക്കാത്ത പരിസ്‌ഥിതിയിൽ മാത്രമേ സ്‌ഥിരമായ ബേസ് ചന്ദ്രനിൽ സ്‌ഥാപിക്കാൻ കഴിയൂ. ഇപ്പോൾ കണ്ടെത്തിയ ഗുഹ പോലുള്ള സ്‌ഥലങ്ങൾ ബഹിരാകാശ യാത്രികരെ അപകടകരമായ കോസ്‌മിക് കിരണങ്ങൾ, സൗരവികിരണം തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കും. അതിനാൽ അത്തരം ഗുഹകൾ ബഹിരാകാശ യാത്രികരെ സംബന്ധിച്ച് ഒരു അടിയന്തിര ചാന്ദ്ര അഭയ കേന്ദ്രമായി രൂപപ്പെട്ടേക്കാം.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി