വാഷിങ്ടൻ: ഇന്ത്യയിലെ പുതിയ യുഎസ് അംബാസിഡറായി സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ദക്ഷിണ-മധ്യേഷ്യൻ മേഖലയിലേക്കുള്ള യുഎസ് പ്രസിഡണ്ടിന്റെ പ്രത്യേക ദൂതനായും സെർജിയോ ഗോർ പ്രവർത്തിക്കും. 38കാരനായ സെർജിയോ ട്രംപിന്റെ വിശ്വസ്‌തൻ കൂടിയാണ്.
ഇന്ത്യ-യുഎസ് ബന്ധം വഷളായതിന് പിന്നാലെയാണ് തന്റെ അടുത്ത സഹായിയായ സെർജിയോ ഗോറിനെ ഇന്ത്യയിലെ അംബാസിഡറായി ട്രംപ് നിയോഗിച്ചത്. ”ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത്, തന്റെ അജണ്ട നടപ്പിലാക്കാനും യുഎസിനെ വീണ്ടും മഹത്തരമാക്കാനും തനിക്ക് പൂർണമായി വിശ്വസിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കണം. അത് പ്രധാനമാണ്”- ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
സെർജിയോ തന്റെ പ്രിയ സുഹൃത്തും ഭരണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്‌തികളിൽ ഒരാളുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ ഇന്ത്യക്ക് 25 ശതമാനം അധിക നികുതി ചുമത്തിയതിനൊപ്പം, 25 ശതമാനം പ്രതികാര തീരുവയും ട്രംപ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഗോറിന്റെ നിയമനം നിർണായകമാണ്.
നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്‌സൺ ഓഫീസിന്റെ ഡയറക്‌ടറായി സേവനമനുഷ്‌ഠിക്കുന്ന ഗോർ, സ്‌ഥാനപതിയായി ചുമതല ഏറ്റെടുക്കുംവരെ പദവിയിൽ തുടരുമെന്ന് ട്രംപ് അറിയിച്ചു. പഠനകാലം മുതൽ രാഷ്‌ട്രീയത്തിൽ സജീവമായിരുന്നു ഗോർ. റിപ്പബ്ളിക്കൻ പാർട്ടി നേതാക്കളുടെ വക്‌താവായി പ്രവർത്തിച്ചാണ് ഗോർ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്.
Most Read| ഓണസമ്മാനം; കുടിശികയടക്കം രണ്ടുമാസത്തെ പെൻഷൻ