കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ പ്രതിചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ രണ്ട് പോലീസുകാർ പിടിയിൽ. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ കെ ഷൈജിത്ത് (42), കുന്ദമംഗലം പടനിലം സ്വദേശി സിപിഒ കെ സനിത്ത് (45) എന്നിവരാണ് പിടിയിലായത്.
താമരശ്ശേരി കോരങ്ങാട് ഒരുവീട്ടിൽ നിന്നാണ് പുലർച്ചെ രണ്ടരയോടെ ഇവർ പിടിയിലായത്. ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അനാശാശ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയതോടെ ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഷൈജിത്തിന്റെ പാസ്‌പോർട്ടും കണ്ടുകെട്ടി.
നടക്കാവ് സ്‌റ്റേഷനിൽ എത്തിച്ച ഇവരെ ഇൻസ്‌പെക്‌ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ പ്രാഥമികമായി ചോദ്യം ചെയ്‌ത ശേഷം കോടതിയിൽ ഹാജരാക്കും. താമരശ്ശേരിയിൽ ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾനിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞതെന്നാണ് സൂചന. കേസിലെ ഒന്നാംപ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്‌ഥതയിലുള്ള കാറാണ് ഇവർ ഉപയോഗിച്ചിരുന്നത്. പുതിയ കളിസ്‌ഥലം തേടി പോകുന്നതിനിടെയാണ് ഇവർ അറസ്‌റ്റിലായതെന്നാണ് വിവരം.
നടക്കാവ് പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്നാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. അനാശാസ്യ കേന്ദ്രം പോലീസുകാരുടേതാണെന്നാണ് കണ്ടെത്തൽ. കേസിലെ ഒന്നാംപ്രതി ബിന്ദു കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയും മാനേജരും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്‌ളാറ്റിൽ എത്തിയിരുന്നതായും ഇവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ദിവസം ഒരുലക്ഷം രൂപയായിരുന്നു റാക്കറ്റിന്റെ വരുമാനം. ഇതിൽ നല്ലൊരു പങ്കും പോലീസുകാർക്കാണ് എത്തിയിരുന്നത്. പോലീസ് പ്രതികളുടെ വീടുകളിലെത്തി ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ചിരുന്നു. ബിന്ദു ഉൾപ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ രണ്ടു പേരെയും മറ്റ് നാല് സ്‌ത്രീകളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇവർ കേസിലെ യഥാക്രമം 11ഉം 12ഉം പ്രതികളാണ്.
Most Read| ഇറാൻ-ഇസ്രയേൽ സംഘർഷം; വ്യോമപാത അടച്ചു, വിമാന സർവീസുകൾ റദ്ദാക്കുന്നു