തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസിൽ മൊഴി നൽകാൻ തയ്യാറല്ലെന്ന് ഇരകളായ യുവതികൾ. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്ന് യുവതികൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.
സംസ്‌ഥാന പോലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതികളിലായിരുന്നു അന്വേഷണം. ഇരകളിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. പരാതിക്കാരിൽ നിന്ന് മൊഴി ഉൾപ്പടെ ശേഖരിച്ചെങ്കിലും, ഇവരിൽ നിന്ന് കാര്യമായ തെളിവ് ലഭിച്ചിട്ടില്ല. ഗർഭഛിദ്രത്തിന് തെളിവ് അന്വേഷിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് വീണ്ടും വിവരങ്ങൾ തേടി അന്വേഷണ സംഘം ഇരകളെ സമീപിച്ചത്. എന്നാൽ, പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് ഇവരെ അന്വേഷണ സംഘത്തോട് വ്യക്‌തമാക്കുകയായിരുന്നു. ഇരകളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും തുടർനടപടികൾ.
രാഹുലിനെതിരായ ലൈംഗികാതിക്രമ കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് എഫ്‌ഐആർ സമർപ്പിച്ചിരുന്നു. സ്‌ത്രീകളെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പിന്തുടർന്ന് ശല്യം ചെയ്‌തു, സ്‌ത്രീകളെ ഫോണിൽ ഭീഷണിപ്പെടുത്തി, ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങൾ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയത്.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം