കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ ഉപദ്രവിച്ച വ്യക്‌തിക്കും, പരാതി പരിഹരിക്കാൻ ഇടപെടാതിരുന്ന കണ്ടക്‌ടർക്കുമെതിരെ കേസ്. നടക്കാവ് പോലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉള്ള യാത്രക്കിടെ തൃശൂരിൽ വെച്ചാണ് അധ്യാപികയെ സഹയാത്രികൻ മോശമായി സ്‌പർശിച്ചത്.
പരാതിപെട്ടിട്ടും കെഎസ്ആർടിസി ബസ് കണ്ടക്‌ടർ ഗൗരവമായി എടുത്തില്ലെന്ന് അധ്യാപിക ആരോപിച്ചിരുന്നു. തനിക്ക് മനോവിഷമം ഉണ്ടാകുന്ന തരത്തിൽ കണ്ടക്‌ടർ സംസാരിച്ചെന്നും അധ്യാപിക പറയുന്നു. എന്നാൽ, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കണ്ടക്‌ടർ ജാഫര്‍ രംഗത്തെത്തി. സംഭവത്തെ ഗൗരവമായി കാണാത്തതില്‍ ഖേദം പ്രകടിപ്പിച്ചാണ് ജാഫര്‍ രംഗത്തെത്തിയത്. പ്രശ്‌നം പരിഹരിക്കപ്പെട്ടെന്ന് കരുതിയാണ് തുടക്കത്തില്‍ ഇടപെടാതിരുന്നത്. ഇപ്പോള്‍ അതിന്റെ ഗൗരവം മനസിലായെന്നും സംഭവത്തില്‍ യുവതിയോട് മാപ്പ് പറയുന്നെന്നും കണ്ടക്‌ടർ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ചുമതലയാണ്. സംഭവത്തില്‍ കണ്ടക്‌ടറുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായിട്ടുണ്ട്. വിഷയത്തില്‍ കെഎസ്ആര്‍ടിസി എംഡിയോട് വിശദമായ റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ബസ് കണ്ടക്‌ടർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചിരുന്നു. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്നും, നീതി ലഭ്യമാക്കുമെന്നും പി സതീദേവി പറഞ്ഞു.
Most Read: യുക്രൈൻ; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യുഎൻ







































