തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം. സർവകലാശാല ആസ്ഥാനം വളഞ്ഞാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പോലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. ഗവർണറും ചാൻസലറുമായ രാജേന്ദ്ര അർലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ എത്തിയത്.
വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴികളെല്ലാം ബലം പ്രയോഗിച്ച് തുറന്നാണ് നൂറുകണക്കിന് പ്രവർത്തകർ ഉള്ളിൽ കടന്നത്. വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴി പ്രവർത്തകർ ഉപരോധിച്ചിരിക്കുകയാണ്. ജീവനക്കാരടക്കം ഉള്ളിൽ കുടുങ്ങിയ അവസ്ഥയിലാണ്. ആർക്കും പുറത്തേക്ക് പോവാനാവാത്ത സ്ഥിതിയാണുള്ളത്.
അതിനിടെ, ഭാരതാംബ വിവാദത്തിൽ സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെഎസ് അനിൽ കുമാറിനെ തിരിച്ചെടുത്ത കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം ഗവർണർ രാജേന്ദ്ര അർലേക്കർ റദ്ദാക്കിയേക്കും. താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസ് ഇന്നലെ വൈകീട്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാലുപേജുള്ള റിപ്പോർട്ടിൽ സിൻഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്നാണ് സിസാ തോമസ് രാജ്ഭവനെ അറിയിച്ചത്.
ഞായറാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗവും യോഗത്തിലെടുത്ത തീരുമാനങ്ങളും ഗവർണർ റദ്ദാക്കും. ഇതുസംബന്ധിച്ച നിയമോപദേശം ഗവർണർക്ക് ലഭിച്ചു. താൽക്കാലിക രജിസ്ട്രാറുടെ ചുമതല നൽകിയ ഹരികുമാറിനെ വിസി സസ്പെൻഡ് ചെയ്തേക്കുമെന്നാണ് വിവരം. ഗവർണർ നൽകുന്ന നിർദ്ദേശം അനുസരിച്ചാകും നടപടി. സിൻഡിക്കേറ്റ് തീരുമാനത്തിൽ ഉചിതമായ ഫോറത്തെ സമീപിക്കാമെന്ന് ഇന്നലെ ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിസി രാജ്ഭവനെ സമീപിച്ചത്.
Most Read| പൊതുവേദികളിൽ ഇല്ല, ബ്രിക്സിലും എത്തിയില്ല; ചൈനയിൽ അധികാര കൈമാറ്റമോ?