തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതാണ് വിവാദമായത്. ഇതോടെ പ്രതിഷേധവും ഉടലെടുത്തു. പ്രതിഷേധം സംഘർഷത്തിലേക്കും വഴിമാറി.
‘അടിയന്തരാവസ്‌ഥയുടെ അൻപതാണ്ടുകൾ’ എന്ന പേരിൽ പത്‌മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത്. ചിത്രം മാറ്റിയില്ലെങ്കിൽ പരിപാടി നടത്താൻ കഴിയില്ലെന്ന് സർവകലാശാല രജിസ്‌ട്രാർ നിലപാട് സ്വീകരിച്ചെങ്കിലും പോലീസിന്റെ ശക്‌തമായ സുരക്ഷയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പരിപാടിയിൽ പങ്കെടുത്തു.
ഈ സമയം സർവകലാശാലയുടെ പുറത്ത് ശക്‌തമായ പ്രതിഷേധവുമായി എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകർ അണിനിരന്നു. ചിത്രം നീക്കില്ലെന്ന് സംഘാടകർ അറിയിച്ചതോടെ പ്രതിഷേധം കനത്തു. ചിത്രം മാറ്റിയില്ലെങ്കിൽ ഗവർണറെ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചതിനെ തുടർന്ന് വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചു.
ചിത്രം വെച്ച് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് സർവകലാശാല അധികൃതരും നിലപാടെടുത്തു. പരിപാടി ബുക്ക് ചെയ്യുന്ന സമയത്തുതന്നെ കൃത്യമായ നടപടിക്രമങ്ങൾ അറിയിച്ചിരുന്നുവെന്നും മതചിഹ്‌നങ്ങൾ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സർവകലാശാല രജിസ്‌ട്രാർ പറഞ്ഞു. ഒടുവിൽ പരിപാടി റദ്ദാക്കിയതായി സംഘാടകർ അറിയിച്ചെങ്കിലും പിന്നാലെ ഗവർണർ എത്തുമെന്ന് അറിയിപ്പ് വന്നു. ഇതോടെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം ശക്‌തമാക്കി.
എബിവിപി പ്രവർത്തകരും രംഗത്തെത്തിയതോടെ സെനറ്റ് ഹാളിൽ വൻ സംഘർഷം അരങ്ങേറി. കെഎസ്‌യു പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഗവർണർ സർവകലാശാല ആസ്‌ഥാനത്തെത്തി പരിപാടിയിൽ പങ്കെടുത്തു.
വൻ പ്രതിഷേധത്തിനിടയിലും ഗവർണർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുകയും നിലവിളക്ക് കൊളുത്തി പരിപാടി ഉൽഘാടനം ചെയ്യുകയും ചെയ്‌തു. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി, എബിവിപി പ്രവർത്തകർ ഗവർണറെ സെനറ്റ് ഹാളിലേക്ക് ആനയിച്ചത്. പ്രധാന ഗേറ്റിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ സമീപത്തുള്ള ഗേറ്റിലൂടെയാണ് ഗവർണർ മടങ്ങിയത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ