ന്യൂഡെൽഹി: ഇന്ത്യൻ ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞ് മരിച്ച കേസിൽ തടവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ (33) വധശിക്ഷ യുഎഇ നടപ്പാക്കി. ഇതുസംബന്ധിച്ച സ്‌ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്‌ച ഡെൽഹി ഹൈക്കോടതിയെ അറിയിച്ചു.
ഫെബ്രുവരി 15നാണ് യുഎഇ വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം കോടതിയിൽ പറഞ്ഞു. ഫെബ്രുവരി 28നാണ് വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ലഭിച്ചതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അറിയിച്ചു. മാർച്ച് അഞ്ചിന് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ അവസ്‌ഥ അറിയാൻ ഷഹ്‌സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയ വിവരം ലഭിച്ചത്. ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ കേസിലാണ് വീട്ടുജോലിക്കാരി ആയിരുന്ന ഷഹ്‌സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്‌റ മുഗളായി ബാന്ദ സ്വദേശിയായ ഷഹ്‌സാദി 2021ലാണ് അബുദാബിയിലെത്തിയത്.
സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയത്തിലായ ഉസൈർ എന്നയാൾ വഴിയാണ് ഷഹ്‌സാദി അബുദാബിയിലെത്തിയത്. ഷഹ്സാദിയെ ഉസൈർ തന്റെ ബന്ധുക്കളായ ഫൈസ്- നദിയ ദമ്പതികൾക്ക് കൈമാറുകയായിരുന്നു. ഇതിനിടെയാണ് ദമ്പതികളുടെ കുട്ടി മരിച്ചത്. ഇതിന് കാരണം ഷഹ്സാദിയാണെന്ന് ഇവർ ആരോപിച്ചു.
എന്നാൽ, ചികിൽസ കിട്ടാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഷഹ്സാദിയും പിതാവും വാദിച്ചു. ഇവർ മതാവുന്ദ് പോലീസ് സ്‌റ്റേഷനിൽ 2024 ജൂലൈ 15ന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 2023ലാണ് അബുദാബി കോടതി ഷഹ്സാദിക്ക് വധശിക്ഷ വിധിച്ചത്.
Most Read| ഓസ്‌കാറിൽ തിളങ്ങി ‘അനോറ’; മികച്ച നടി മൈക്കി മാഡിസൻ, നടൻ ഏഡ്രിയൻ ബ്രോഡി