തിരുവനന്തപുരം: മാഹി സ്വദേശിനി നൽകിയ അപകീര്‍ത്തികേസില്‍ മറുനാടൻ മലയാളി ചാനൽ ഉടമ ഷാജന്‍ സ്‌കറിയ്‌ക്ക് ജാമ്യം. കൊടുംകുറ്റവാളിയെ കസ്‌റ്റഡിയിലെടുക്കുന്ന രീതിയിൽ കസ്‌റ്റഡിയിലെത്ത്, അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് ശ്വേതാ ശശികുമാറിന്റെ ഔദ്യോഗിക വസതിയിൽ ഹാജരാക്കിയപ്പോഴാണ് ഇന്ന് പുലർച്ച 12.30ഓടെ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസായിരുന്നു സാജൻ സ്‌കറിയയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
മാഹി സ്വദേശിനിയുടെ പരാതിയുടെ പേരിലാണ് അറസ്‌റ്റെന്നാണ് പറയപ്പെടുന്നത്. ആരാണ് പരാതിക്കാരി, പരാതിക്കാരിയുടെ പശ്‌ചാത്തലം, പരാതിയില്‍ കഴമ്പുണ്ടോ തുടങ്ങിയതൊന്നും പരിശോധിക്കാതെയാണ് അറസ്‌റ്റ് നടന്നതെന്ന് മറുനാടൻ വിശദീകരിക്കുന്നു. തിരുവനന്തപുരം സൈബര്‍പൊലീസ് കസ്‌റ്റഡിയില്‍ എടുത്ത ശേഷം ഷാജന്‍ സ്‌കറിയയുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ബിഎന്‍എസ് 75(1)(4), ഐടി ആക്‌ട് 67, കെപിഎ ആക്‌ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എഫ്ഐആർ കോപ്പി പോലും പൊലീസ് നൽകാതെയാണ് അറസ്‌റ്റ് നടത്തിയതെന്നും രാഷ്‌ട്രീയ വിരോധമാണ് കേസിന് അടിസ്‌ഥാനമെന്നും മജിസ്ട്രേറ്റിന് മുന്നിൽ പ്രതിഭാഗം അഭിഭാഷകൻ ശ്യാം ശേഖര്‍ വാദിച്ചു.
വ്യക്‌തികളെ അറസ്‌റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ സുപ്രീംകോടതിയുടെ മാര്‍ഗരേഖകള്‍ കര്‍ശനമായി പാലിക്കാനുള്ള ഡിജിപിയുടെ നിര്‍ദേശം നിലനിൽക്കെയാണ് കേസ് എന്താണെന്ന് പോലും വിശദീകരിക്കാതെ, ചിലരുടെ താൽപര്യങ്ങളെ സംരക്ഷിക്കാനുള്ള അറസ്‌റ്റെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്.
കെന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്‌ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ ഷിഹാബ് ഷാക്കെതിരെ മറുനാടന്‍ നിരന്തര വാർത്തകൾ ചെയ്‌തിരുന്നു. തുടര്‍ന്ന് ഗള്‍ഫില്‍ അഴിക്കുള്ളിലായ ഷിഹാബ് ഷായുടെ വിശ്വസ്‌തയുടെ പരാതിയിലാണ് അതീവ ഗൂഢനീക്കങ്ങളോടെ തിരുവനന്തപുരം സൈബര്‍ സിഐ നിയാസ്, ഷാജനെ അറസ്‌റ്റ് ചെയ്‌തതെന്നും സൂചനയുണ്ട്.
ഇന്ന് വൈകുന്നേരം എട്ട് മണിയോടെ പോലീസ് നടത്തിയ നാടകീയ നീക്കങ്ങൾക്കാണ് രാത്രി 12.30ന് കോടതി ജാമ്യം നൽകിയതോടെ സമാപനമായത്. രണ്ടു ദിവസമെങ്കിലും തന്നെ ജയിലിലിടാനുള്ള ചിലരുടെ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് ഷാജന്‍ സ്‌കറിയ ജാമ്യശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ഗുണ്ടകൾ കയറുന്നത് പോലെ വീടിനകത്തേക്ക് കയറി, ഒരുക്രൈം നമ്പർ പറഞ്ഞു, ശേഷം ഉടുപ്പൊന്നും ഇട്ടിട്ടില്ലെങ്കിലും സാരമില്ലെന്നും പറഞ്ഞാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. മൊബൈൽ ഫോൺ പോലീസ് വാങ്ങുകയും ആരെയും അറിയിക്കാൻ പറ്റത്തില്ലെന്നും പറഞ്ഞാണ് കസ്‌റ്റഡിയിൽ എടുത്തത്. പിന്നീട്, പോലീസ് സ്‌റ്റേഷനിലേക്ക് വീട്ടിൽ നിന്നാണ് ഷർട്ട് എത്തിച്ചതെന്നും ഷാജൻ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
MOST READ | ചോദ്യപേപ്പർ ചോർച്ച; ഗ്രീൻവുഡ്‌സ് കോളേജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കി