മുംബൈ: പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി വിട്ടുവീഴ്ച വേണ്ടെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി എൽഡിഎഫിൽ തുടരേണ്ടതില്ലെന്നാണ് പവാറിന്റെ തീരുമാനം. രണ്ടാഴ്ചക്കകം പവാർ കേരളത്തിൽ എത്തി പാർട്ടി നിർവാഹക സമിതി അംഗങ്ങളുമായി ചർച്ച നടത്തും. നേതാക്കളുമായി ഒറ്റക്കൊറ്റക്കാണ് ചർച്ച നടത്തുക. സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്ററാണ് പവാറിന്റെ തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്.
പാലാ സീറ്റ് നൽകില്ലെന്ന് ഇടതുപക്ഷത്തിന്റെ അറിയിപ്പുണ്ടാകുന്ന പക്ഷം എൻസിപി വിഷയത്തിൽ തീരുമാനം പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ എടുത്തുചാടി തീരുമാനം പ്രഖ്യാപിക്കേണ്ടെന്നാണ് പവാറിന്റെ നിർദേശം. തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽഡിഎഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ല. തങ്ങളുടെ വികാരം പവാറിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എകെ ശശീന്ദ്രനും ബാധകമാണെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
അര നൂറ്റാണ്ടിന് ശേഷം പിടിച്ചെടുത്ത പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പനും ആവർത്തിച്ചിരുന്നു. പാലായിൽ എൻസിപി തന്നെ മൽസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ പീതാംബരൻ മാസ്റ്ററെ കൂടാതെ മാണി സി കാപ്പൻ അടക്കമുള്ളവർ പങ്കെടുത്തു.
പാലാ സീറ്റിനെ ചൊല്ലി തർക്കം മുറുകുന്നതിനിടെ മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം മുംബൈയിൽ എത്തി പവാറിനെ കണ്ടിരുന്നു. ഇടതുമുന്നണി വിട്ടുപോരുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് ശശീന്ദ്രൻ പവാറിനെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും മുംബൈയിൽ എത്തിയത്.
Read also: യുപിയിൽ ക്രിസ്ത്യാനികൾക്ക് എതിരായ അക്രമം; കേസെടുക്കണമെന്ന് ആവശ്യം









































