യുപിയിൽ ക്രിസ്‌ത്യാനികൾക്ക് എതിരായ അക്രമം; കേസെടുക്കണമെന്ന് ആവശ്യം

By Trainee Reporter, Malabar News
Representational image
Ajwa Travels

ഷാജഹാൻപൂർ: പ്രാർഥന ചടങ്ങിനിടെ അതിക്രമിച്ച് കയറി മർദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്‌ത്യൻ നേതാക്കൾ പോലീസ് മേധാവിയെ കണ്ടു. 20 പേരോളം അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം പ്രാർഥന കേന്ദ്രത്തിൽ അതിക്രമിച്ച് കയറി സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് എതിരെ ആക്രമണം അഴിച്ചുവിട്ടത്. എന്നാൽ മർദ്ദനമേറ്റവർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ലൗ ജിഹാദിന്റെ പേരിൽ പുതുതായി ഉണ്ടാക്കിയ മതംമാറ്റ നിരോധന നിയമപ്രകാരമാണ് പാസ്‌റ്റർ അടക്കമുള്ളവർക്ക് എതിരെ കേസെടുത്തത്.

വിഎച്ച്പി നേതാവ് രാജേഷ് അവസ്‌തി, ശ്യം മിശ്ര, ബജ്‌റംഗ് ദൾ സിറ്റി കൺവീനർ രാം ലഖൻ വർമ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാർഥന ചടങ്ങിലേക്ക് ആയുധങ്ങളുമായി എത്തി ആക്രമണം നടത്തിയത്. തുടർന്ന് പാസ്‌റ്റർ അടക്കമുള്ളവരെ ഇവർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. അക്രമികളുടെ നിർദ്ദേശപ്രകാരം പോലീസ് ക്രിസ്‌തുമത വിശ്വാസികൾക്ക് എതിരെ കേസ് എടുക്കുകയായിരുന്നുവെന്ന് ക്രിസ്‌ത്യൻ നേതാക്കൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണം വേണമെന്നും യഥാർഥ കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും വസ്‌തുതകൾ അടിസ്‌ഥാനമാക്കി നടപടിയെടുക്കുമെന്നും ഷാജഹാൻപൂർ എസ്‌പി ആനന്ദ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്‌ചയാണ് ആക്രമണം നടന്നത്. പ്രാർഥനക്ക് എത്തിയ സ്‌ത്രീകളെയും കുട്ടികളെയും മറ്റു വിശ്വാസികളെയും വിഎച്ച്പി പ്രവർത്തകർ മർദിച്ച് അവശരാക്കി തെരുവിലൂടെ വലിച്ചിഴച്ചു. ആക്രമണത്തിൽ നേഹ എന്ന സ്‌ത്രീക്ക് കൈക്കും നൈന എന്ന 14 വയസുകാരിക്ക് കാലിനും ഒടിവുകളുണ്ട്. ജയ്‌ശ്രീറാം വിളിക്കണമെന്നും യേശു ക്രിസ്‌തുവിനെ നിന്ദിക്കണമെന്നും ആവശ്യപ്പെട്ട അക്രമികൾ ഇങ്ങനെ ചെയ്‌തില്ലെങ്കിൽ കൊല്ലുമെന്ന് വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

തുടർന്ന് ബജ്‌റംഗ് ദൾ, വിഎച്ച്പി പ്രവർത്തകരുടെ പരാതിയിൽ തമിഴ്‌നാട്ടുകാരനായ പാസ്‌റ്റർ ഡേവിഡ്, കന്യാകുമാരിയിൽ നിന്ന് അദ്ദേഹത്തെ കാണാൻ വന്ന ജഗൻ, അവർ താമസിച്ച കെട്ടിടത്തിന്റെ ഉടമകൾ എന്നിവർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്.

Read also: ‘അബ്‌കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ മോദിയുടെ നിലവിളി മറക്കരുത്; പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE