വ്യാജ റിക്രൂട്ട്മെന്റ് വഴി റഷ്യയിലേക്ക് മനുഷ്യക്കടത്ത്; രണ്ടുപേർ അറസ്‌റ്റിൽ

തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിൻസ് സെബാസ്‌റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു.

By Trainee Reporter, Malabar News
ISRO spy case conspiracy
Representational Image
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഇടനിലക്കാരായ അരുൺ, പ്രിയൻ എന്നിവരെയാണ് സിബിഐ ഡെൽഹി യൂണിറ്റ് പിടികൂടിയത്. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിലെ യുദ്ധമുഖത്താണ് തിരുവനന്തപുരം സ്വദേശികൾ എത്തിയത്. ഇതുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.

റഷ്യൻ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യൻ മലയാളി അലക്‌സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്‌റ്റിലായവർ. തുമ്പ സ്വദേശിയായ പ്രിയൻ അലക്‌സിന്റെ ബന്ധുവാണ്. റഷ്യയിലേക്ക് പോകുന്നതിന് മുൻപ് ആറുലക്ഷത്തോളം രൂപ പ്രിയനാണ് കൈപ്പറ്റിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്റിന് നേതൃത്വം നൽകിയതും പ്രിയൻ ആണ്.

ഇയാൾക്കെതിരെ റഷ്യയിൽ നിന്ന് നാട്ടിലെത്തിയവർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സിബിഐ അറസ്‌റ്റ്. തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിൻസ് സെബാസ്‌റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

പൊഴിയൂർ സ്വദേശികളായ പ്രിൻസ് സെബാസ്‌റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെ സൂപ്പർ മാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസ വേതനത്തിൽ സെക്യൂരിറ്റി ജോലി വാഗ്‌ദാനം ചെയ്‌താണ്‌ കഴിഞ്ഞ ഒക്‌ടോബർ അവസാന വാരം ഓൺലൈൻ വഴി പരിചയപ്പെട്ട ഡെൽഹിയിലെ ഏജന്റ് മൂന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷം റഷ്യയിൽ എത്തിച്ചത്. റഷ്യൻ പൗരത്വമുള്ള മലയാളിയായ അലക്‌സ് എന്നയാളാണ് വിമാനത്താവളത്തിൽ നിന്ന് ഇവരെ പട്ടാള ക്യാമ്പിൽ എത്തിച്ചത്.

ക്യാമ്പിൽ എത്തിയപ്പോൾ തന്നെ ഉദ്യോഗസ്‌ഥർ പാസ്‌പോർട്ടും യാത്രാ രേഖകളും പിടിച്ചെടുത്തിരുന്നു. പത്ത് ദിവസത്തെ പരിശീലനത്തിന് ശേഷം യുക്രൈൻ അതിർത്തിയിൽ യുദ്ധ മേഖലയിൽ എത്തിച്ച് യുദ്ധത്തിൽ പങ്കെടുത്തതോടെയാണ് ഏജന്റിന്റെ ചതി ഇരുവർക്കും ബോധ്യമായത്. ഡിസംബർ 25ന് രാത്രി റോണക്‌സ് മേഖലയിൽ രാത്രി നടത്തത്തിന് പോകുമ്പോൾ ഡ്രോൺ ആക്രമണത്തിൽ ബോംബ് പൊട്ടി ഡേവിഡിന് കാലിന് ഗുരുതരമായി പരിക്കേറ്റു.

വേണ്ട ചികിൽസ പോലും ലഭിക്കാതെ ദുരിതാവസ്‌ഥയിൽ കഴിഞ്ഞ ഡേവിഡ് അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടുകാരെ ബന്ധപ്പെട്ടതോടെയാണ് വിവരം പുറംലോകം അറിയുന്നത്. തുടർന്ന് കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, എംപി ശശി തരൂർ തുടങ്ങിയവർ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്‌ത കേസിൽ മൂന്ന് മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.

Most Read| കേന്ദ്ര ഇടപെടൽ ആവശ്യം; ഖത്തർ ജയിലിൽ മോചനം കാത്ത് 500ഓളം മലയാളി യുവാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE