മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; കേന്ദ്രത്തിന്റെ നിർണായക യോഗം നാളെ

പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്‌തമായി പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ യോഗം.

By Trainee Reporter, Malabar News
mullapperiyar-dam-water-level-concern
Ajwa Travels

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിർണായക യോഗം നാളെ ചേരും. പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്‌തമായി പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ യോഗം.

പഴയ അണക്കെട്ട് പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിർമിക്കുന്നതിനായി പരിസ്‌ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറൻസ് നിശ്‌ചയിച്ച് നൽകണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ വിലയിരുത്തൽ സമിതി യോഗം പരിഗണിക്കും. പുതിയ അണക്കെട്ട് സംബന്ധിച്ച് ജനുവരിയിൽ കേരളം സമർപ്പിച്ച പദ്ധതി പരിസ്‌ഥിതി മന്ത്രാലയ വിദഗ്‌ധ വിലയിരുത്തൽ സമിതിക്ക് വിടുകയായിരുന്നു.

അതേസമയം, പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കേരളത്തെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കേന്ദ്ര പരിസ്‌ഥിതി മന്ത്രി ഭുപേന്ദർ യാദവിനെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാളെ വിദഗ്‌ധ വിലയിരുത്തൽ സമിതി യോഗം ചേരുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ അണക്കെട്ടിന്റെ അപകടാവസ്‌ഥയും അതിശക്‌തമായ മഴയും അണക്കെട്ടിന്റെ താഴ്ഭാഗത്ത്‌ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ സുരക്ഷയുമാണ് കേരളം പ്രധാനമായും യോഗത്തിൽ ചൂണ്ടിക്കാട്ടുക.

സംരക്ഷിത മേഖലയായി വിജ്‌ഞാപനം ചെയ്‌തിട്ടുള്ള പെരിയാർ ടൈഗർ റിസർവ് സോണിലാണ് പുതിയ അണക്കെട്ട് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിലാണ് പുതിയ ഡാമിനായി കേരളം സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കാറ്റഗറി ‘എ’ പ്രകാരം മുൻകൂട്ടി പരിസ്‌ഥിതി അനുമതി ആവശ്യമാണ്. അനുമതി ലഭിക്കാൻ പരിസ്‌ഥിതി ആഘാത പഠനം അനിവാര്യമാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

പുതിയ അണക്കെട്ടിനായി പരിസ്‌ഥിതി ആഘാത പഠനം നടത്താൻ നാഷണൽ ബോർഡ് ഓഫ് വൈൽഡ് ലൈഫിന്റെ സ്‌റ്റാൻഡിങ് കമ്മിറ്റ് 2014 ഡിസംബർ മൂന്നിന് തന്നെ കേരളത്തിന് അനുമതി നൽകിയിരുന്നു. പഠനം നടത്താൻ അനുവദിക്കരുതെന്നും എൻബിഡബ്ള്യൂഎൽ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് 2015ൽ സമർപ്പിച്ച ഹരജി 2016ൽ സുപ്രീം കോടതി തള്ളുകയും ചെയ്‌തിരുന്നു.

എന്നാൽ, ഇപ്പോൾ വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ ഉയർത്തി തമിഴ്‌നാട് കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കേരളം വ്യക്‌തമാക്കുന്നു. പുതിയ അണക്കെട്ട് നിർമിക്കുന്നത് തമിഴ്‌നാടുമായി ആലോചിച്ച് വേണമെന്നാണ് 2014ൽ സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. എന്നാൽ, പുതിയ അണക്കെട്ട് സംബന്ധിച്ചുള്ള കേരളത്തിന്റെ എല്ലാ നീക്കങ്ങൾക്കും തടയിടാനുള്ള ശ്രമമാണ് തമിഴ്‌നാട് നടത്തുന്നത്.

Most Read| കേരളത്തിൽ കാലവർഷം വെള്ളിയാഴ്‌ച എത്തും? പതിവിലും കൂടുതൽ ലഭ്യമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE