ഇസ്‌ലാമാബാദ്: അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് ഇറാൻ. പാക്കിസ്‌ഥാനിലെ മധ്യസ്‌ഥർ മുഖേന മാത്രമേ തങ്ങളുടെ നിലപാടുകൾ അറിയിക്കൂ എന്നും ഇറാൻ അധികൃതർ വ്യക്‌തമാക്കി. മധ്യസ്‌ഥ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇസ്‌ലാമാബാദിൽ എത്തിയിട്ടുണ്ട്.
പാക്കിസ്‌ഥാനിലെ ഭരണകൂടവുമായി അബ്ബാസ് അരാഗ്‌ചി കൂടിക്കാഴ്‌ച നടത്തും. പാക്കിസ്‌ഥാന് പുറമെ ഒമാൻ, റഷ്യ എന്നിവിടങ്ങളിലും ഇറാൻ സംഘം സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്. അതേസമയം, ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ച പാക്കിസ്‌ഥാനിൽ നടക്കുമെന്ന് യുഎസ് നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. യുഎസ് സംഘം ഇസ്‌ലാമാബാദിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
യുഎസിന്റെ പശ്‌ചിമേഷ്യൻ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്‌നറുമാണ് സംഘത്തിലുള്ളത്. ഇരുവരും ഇന്ന് വൈകീട്ടോടെ ഇസ്‌ലാമാബാദിൽ എത്തുമെന്നാണ് വിവരം. ചർച്ചയിൽ യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് പങ്കെടുക്കില്ല.
ആദ്യം ഉന്നത പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തതിന് ശേഷം ആവശ്യമെന്ന് തോന്നിയാൽ മാത്രം വാൻസ് പാക്കിസ്‌ഥാനിൽ എത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചു. ആദ്യഘട്ട ചർച്ചയിലും വിറ്റ്‌കോഫും കുഷ്‌നറും പങ്കെടുത്തിരുന്നു. ഇറാൻ പറയുന്നത് കേൾക്കാൻ വേണ്ടിയാണ് തങ്ങൾ പോകുന്നതെന്ന നിലപാടിലാണ് യുഎസ്.
ഇറാന് വേണ്ടി മധ്യസ്‌ഥ ചർച്ചകൾ നടത്തിയിരുന്ന സംഘത്തിന്റെ തലവൻ മുഹമ്മദ് ബാഗർ ഗാലിബാഫും പാക്കിസ്‌ഥാനുമായുള്ള ചർച്ചകളിൽ ഭാഗമായിരുന്നില്ല. സമാധാന ചർച്ചകൾ നടക്കുമ്പോഴും ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം യുഎസ് തുടരുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇറാന്റെ നിലപാട്.
ഇറാനിൽ നിന്നും എന്ന കയറ്റിയതിന് ചൈന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിഫൈനറിക്കെതിരെയും 40 ഷിപ്പിംഗ് കമ്പനികൾക്കെതിരെയും യുഎസ് നടപടിയെടുത്തിരുന്നു. അതേസമയം, ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ആക്രമണം. വെള്ളിയാഴ്‌ച നടത്തിയ ആക്രമണത്തിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































