പാലക്കാട്: സംസ്‌ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്‌ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് അനുഭവപ്പെടുന്നുണ്ട്. ഇതിൽ വിശദീകരണവുമായാണ് മന്ത്രി രംഗത്തെത്തിയത്.
നിലവിൽ സംസ്‌ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഏർപ്പെടുത്തിയിട്ടില്ല. അമിത ഉപയോഗം മൂലം ട്രാൻസ്‌ഫോർമറുകൾ തകരാറിലാകുന്നതാണ് വൈദ്യുതി തടസങ്ങൾക്ക് കാരണമെന്നും മന്ത്രി വിശദമാക്കി. ഓവർലോഡ് ആകുമ്പോൾ വൈദ്യുതി തനിയെ നിലയ്‌ക്കുന്ന (ഡ്രിപ്പ് ആകുന്ന) സാഹചര്യമാണ് ഉള്ളതെന്നും ഇത് ഒരു ഒരു മിനിറ്റ് നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പരിഹരിക്കാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. പ്രത്യേകിച്ചും വൈകുന്നേരത്തെ പീക്ക് അവറുകളിൽ ഹീറ്റർ, വാഷിങ് മെഷീൻ, തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
നിലവിൽ കെഎസ്ഇബി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചാൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള നടപടി സ്വീകരിക്കും. നിരക്ക് വർധനയില്ലാതെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടുത്ത ചൂട് ആയതിനാൽ വൈദ്യുതി ഉപയോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണ് സംസ്‌ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിങ് അനുഭവപ്പെടുന്നത്.
രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്‌ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഒരാഴ്‌ച മുൻപ് തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്‌ഡിങ് തുടങ്ങിയിരുന്നു.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി








































