കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ളാസയിൽ വൻ മയക്കുമരുന്ന് വേട്ട. 3.312 കിലോ മെത്താംഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്‌സ്‌റ്റസി ഗുളികകളുമാണ് പിടികൂടിയത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്‌റീൻ (20), മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി പികെ. ഷഫീഖ് (35) എന്നിവരെയാണ് ഇന്ന് ഉച്ചയോടെ ലഹരിമരുന്നുകളുമായി പിടികൂടിയത്.
ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. 3.5 കോടി രൂപയിലേറെ വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജസ്‌ഥാനിൽ നിന്ന് റോഡുമാർഗം കാറിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. സംസ്‌ഥാനത്ത് ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്.
എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ്, കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, എക്‌സൈസ് സൈബർ സെൽ എന്നിവയുടെ സംയുക്‌ത നീക്കത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്. എക്‌സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യവിവരം അനുസരിച്ച് മണിക്കൂറുകൾ കാത്തിരുന്നാണ് കാർ പിടികൂടിയത്.
കാറിന്റെ ബോണറ്റിനുള്ളിൽ ഡാഷ്ബോർഡിനോട് ചേർന്നുള്ള രഹസ്യ അറയിൽ ഒമ്പത് പൊതികളിലാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. മലപ്പുറം ചേലേമ്പ്രയിലേക്കാണ് ലഹരിമരുന്നുകൾ എത്തിക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിയിലായവർ വിൽപ്പനക്കാരാണോ അതോ ഇടനിലക്കാരാണോ എന്നതുൾപ്പടെ അന്വേഷിച്ചു വരികയാണ്.
Most Read| ഹോർമുസ് ഇനി പഴയപടിയാകില്ല; ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചെന്ന് ഇറാൻ






































