ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചെന്ന് ഇറാൻ. പാർലമെന്റ് ഡെപ്യൂട്ടി സ്‌പീക്കർ ഹമീദ് റെസ ഹാജിബാബേയ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
‘ഹോർമുസ് കടലിടുക്കിൽ നിന്നുള്ള ടോൾ വരുമാനത്തിന്റെ ആദ്യ ഗഡു സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു’- എന്നാണ് അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് നികുതി ഈടാക്കാനുള്ള നീക്കത്തിനെതിരെ അമേരിക്കയും യൂറോപ്യൻ യൂണിയനും നേരത്തെ ശക്‌തമായ എതിർപ്പ് അറിയിച്ചിരുന്നു.
എന്നാൽ, ഈ എതിർപ്പുകളെ അവഗണിച്ചാണ് ഇറാൻ നടപടികളുമായി മുന്നോട്ട് പോകുന്നത്. ഫെബ്രുവരി 28ന് പശ്‌ചിമേഷ്യൻ യുദ്ധം ആരംഭിച്ചത് മുതൽ ഹോർമുസ് കടലിടുക്ക് ഒരു പ്രധാന സംഘർഷഭൂമിയായി മാറിയിട്ടുണ്ട്. ചർച്ചകൾ എല്ലാം വഴിമുട്ടി നിന്നത് ഹോർമുസ് പാത സംബന്ധിച്ച തർക്കത്തിലായിരുന്നു.
ഇനി യുദ്ധത്തിന് മുമ്പത്തെ നിലയിലേക്ക് ഹോർമുസ് കടലിടുക്ക് മടങ്ങിവരില്ലെന്ന് ഇറാൻ ഉദ്യോഗസ്‌ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാർച്ച് 30നാണ് പാർലമെന്റിന്റെ സുരക്ഷാ കമ്മിറ്റി ടോൾ ഏർപ്പെടുത്താനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ഇറാനുമേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഹോർമുസ് കടലിടുക്കിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന നിലപാടിലേക്ക് ഇറാൻ എത്തിയത്.
ഇതിനിടെ, കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണങ്ങൾ മറികടക്കുന്ന കപ്പലുകൾ പിടിച്ചെടുക്കാനും ഇറാൻ ആരംഭിച്ചിട്ടുണ്ട്. പശ്‌ചിമേഷ്യയിൽ രൂക്ഷമായി തുടരുന്ന നിലവിലെ സംഘർഷ സാഹചര്യത്തിൽ ഇറാന്റെ നീക്കം ആഗോള എണ്ണ വിപണിയെയും ഷിപ്പിങ് മേഖലയെയും ബാധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ








































