തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി തമിഴ്‌നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മയ്‌ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള അപൂർവങ്ങളിൽ അപൂർവമായ കൊലപാതകമാണിതെന്നും വ്യക്‌തമാക്കികൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
ഗ്രീഷ്‌മയ്‌ക്ക് ക്രിമിനൽ പശ്‌ചാത്തലമില്ലെന്ന വാദം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയുടെ ഗ്രീഷ്‌മയുടെ അമ്മാവനുമായ നിർമല കുമാരൻ നായരെ മൂന്നുവർഷം തടവിനും കോടതി ശിക്ഷിച്ചു. മൂന്നുപ്രതിയും ഗ്രീഷ്‌മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തെ വെറുതേവിട്ടിരുന്നു.
കൊല നടത്താൻ പ്രതിയെ സഹായിച്ചുവെന്നായിരുന്നു സിന്ധുവിനെതിരെയും നിർമല കുമാനുമെതിരെയുള്ള കുറ്റം. 586 പേജുള്ള വിധി പ്രസ്‌താവമാണ് കോടതി വായിച്ചത്. ദൃക്‌സാക്ഷികൾ ഇല്ലാത്തൊരു കേസിൽ സാഹചര്യ തെളിവുകളെ അതിസമർഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്‌തതായി തെളിയിക്കാൻ അന്വേഷണ സംഘത്തിനായെന്ന് പറഞ്ഞ കോടതി, പോലീസിനെ അഭിനന്ദിച്ചു.
സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊല്ലാൻ ഗ്രീഷ്‌മ ശ്രമിച്ചു. പൈശാചിക മനസായിരുന്നു പ്രതിക്കെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു. ഗ്രീഷ്‌മ നടത്തിയത് വിശ്വാസവഞ്ചന. മരണക്കിടക്കയിൽ പോലും ഷാരോൺ ഗ്രീഷ്‌മയെ സ്‌നേഹിച്ചു. ഗ്രീഷ്‌മ ശിക്ഷിക്കപ്പെടരുതെന്നാണ് ഷാരോൺ ആഗ്രഹിച്ചതെന്നും വിധിന്യായത്തിൽ കോടതി പറഞ്ഞു.
11 ദിവസം ഒരുതുള്ളി വെള്ളം ഇറക്കാനാവാതെയാണ് ഷാരോൺ ആശുപത്രിയിൽ കഴിഞ്ഞത്. ഗ്രീഷ്‌മയെ ഷാരോൺ മർദ്ദിച്ചതായി തെളിവില്ല. കുറ്റകൃത്യം നടത്തിയിട്ടും അവസാന നിമിഷംവരെ പിടിച്ചുനിൽക്കാനാണ് ഗ്രീഷ്‌മ ശ്രമിച്ചത്. എന്നാൽ, ഈ കൗശലം വിജയിച്ചില്ല. നേരത്തെയും പ്രതി വധശ്രമം നടത്തിയിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ നൽകാതിരിക്കാൻ തടസമില്ലെന്നും കോടതി പറഞ്ഞു.
കാമുകനായ മുര്യങ്കര ജെപി ഹൗസിൽ ജെപി ഷാരോൺ രാജിനെ (23) കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സൈനികനുമായി നിശ്‌ചയിച്ച വിവാഹത്തിന് തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ തീരുമാനിച്ചതെന്ന് പോലീസ് കണ്ടെത്തി.
ഗ്രീഷ്‌മയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. 2022 ഒക്‌ടോബർ 14ന് ആണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഗ്രീഷ്‌മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി കൊടുത്തത്. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ ചികിൽസയിലിരിക്കെ 25ന് ആണ് മരിക്കുന്നത്.
ആദ്യം പാറശാല പോലീസ് അസാധാരണ മരണമെന്ന നിഗമനത്തിൽ എത്തിയെങ്കിലും, പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് നടന്നത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഒക്‌ടോബർ 30ന് ഗ്രീഷ്‌മ കുറ്റസമ്മതം നടത്തിയിരുന്നു.
Most Read| ദർശനം നടത്തിയത് 53 ലക്ഷം തീർഥാടകർ, 110 കോടിയുടെ അധികവരുമാനം; നട അടച്ചു








































