ന്യൂഡെൽഹി: സംസ്ഥാന സർക്കാറിനെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം വിവാദമായതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇനി അനുനയ നീക്കത്തിനില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി.
സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നാലുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും തരൂർ പറഞ്ഞു. ഇംഗ്ളീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമർശം. കേരളത്തിലെ കോൺഗ്രസിൽ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും തരൂർ ചൂണ്ടിക്കാട്ടി.
പാർട്ടി അടിത്തട്ടിൽ നിന്നുതന്നെ വോട്ടർമാരെ ആകർഷിക്കണം. നന്നായി പ്രവർത്തിച്ചില്ലെങ്കിൽ കോൺഗ്രസ് മൂന്നാംതവണയും കേരളത്തിൽ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസിന് ദേശീയതലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ട്.
പല ഏജൻസികൾ നടത്തിയ സർവേകളിലും താൻ നേതൃപദവിക്ക് യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും രമേശ് ചെന്നിത്തലയുമെല്ലാം ആവശ്യപ്പെട്ടതുകൊണ്ടാണ് പാർട്ടിയിലെത്തിയത്. തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം. ഘടകകക്ഷികൾ തൃപ്തരല്ലെന്നും തരൂർ പറഞ്ഞു.
അതേസമയം, നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന തരൂരുമായി തുടർ ചർച്ചകളില്ലെന്ന സൂചനയാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്. എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോൺഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തിൽ ഡൽഹിയിൽ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ചർച്ചയിൽ തരൂർ മുൻപോട്ട് വെച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന.
Most Read| ബ്രസീലിൽ 40 കോടി രൂപയ്ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ