ന്യൂഡെൽഹി: ഇന്ത്യ-പാക്ക് വെടിനിർത്തൽ കരാറിൽ പ്രതികരിച്ച് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ശശി തരൂർ. വെടിനിർത്തൽ ധാരണയിലെത്തിയ സാഹചര്യത്തെ 1971ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് ശശി തരൂർ പറഞ്ഞു.
ഈ യുദ്ധം തുടരാൻ രാജ്യം ആഗ്രഹിച്ചിരുന്നില്ല. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യമെന്നും തരൂർ പറഞ്ഞു. അമേരിക്കയുടെ മധ്യസ്‌ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ വ്യത്യസ്‌ത നിലപാട്. ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവെച്ചായിരുന്നു കോൺഗ്രസ് വിമർശനം.
നിലവിലെ സാഹചര്യം 1971ൽ നിന്ന് വ്യത്യസ്‌തമാണ്. അന്ന് ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ധാർമികമായ പോരാട്ടമാണ് നടന്നത്. ബംഗ്ളാദേശിനെ മോചിപ്പിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇന്ന് തീവ്രവാദികളെ ഇന്ത്യയിലേക്ക് അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അവരെ ഒരു പാഠം പഠിപ്പിച്ച് കഴിഞ്ഞതായും തരൂർ പറഞ്ഞു.
നേരത്തെ, വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തടുർന്ന് പാക്കിസ്‌ഥാനെ വിമർശിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സർക്കാർ സ്വീകരിച്ച മുഴുവൻ നടപടികൾക്കും പ്രതിപക്ഷ പാർട്ടികളുടെ പൂർണ പിന്തുണയുണ്ടായിരുന്നു. എന്നാൽ, വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്ക ഇടപെട്ടതിനെ കോൺഗ്രസ് ചോദ്യം ചെയ്‌തിരുന്നു.
രാജ്യത്തിന്റെ കാര്യം ട്രംപിലൂടെ അറിയേണ്ടി വരുന്നത് അൽഭുതപ്പെടുത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് വ്യത്യസ്‌ത പ്രതികരണവുമായി ശശി തരൂർ രംഗത്തെത്തിയത്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി