തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തിക്കൊണ്ടുള്ള ലേഖനം വിവാദമായതിന് പിന്നാലെ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ശശി തരൂർ എംപി. കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്‌താൽ പിന്തുണയ്‌ക്കും. തന്റെ ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നാണ് ലേഖനത്തിൽ പറയുന്നത്. രാഷ്‌ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്‌താൽ അത് അംഗീകരിക്കണം. തന്റെ നിലപാടിൽ മാറ്റമില്ല. വർഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്‌തുതകളുടെ അടിസ്‌ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നും ശശി തരൂർ വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് നിക്ഷേപങ്ങൾ അത്യാവശ്യമാണ്. മുഴുവൻ പാർട്ടികളും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കണം. കേരളത്തിൽ ഒരു സ്‌ഥാപനം തുടങ്ങാൻ രണ്ടുമിനിറ്റ് മതിയെന്നാണ് രാജീവ് പറഞ്ഞത്. താനത് അന്വേഷിച്ച ശേഷമാണ് പറഞ്ഞതെന്നും തരൂർ വ്യക്‌തമാക്കി.
ജനം രാഷ്‌ട്രീയം കാണുന്നു. പക്ഷേ വികസനം കാണുന്നില്ല. സർക്കാർ നല്ലതും തെറ്റും ചെയ്യുന്നു. ചില വിഷയങ്ങൾ ജനതാൽപര്യങ്ങൾ കണക്കിലെടുത്ത് രാഷ്‌ട്രീയത്തിന് അതീതമായി കാണണം. എന്ത് ചെയ്‌താലും തെറ്റാണെന്ന് പറയുന്നതല്ല പ്രതിപക്ഷം. തനിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. താൻ പാർട്ടിയുടെ വക്‌താവല്ല, മറിച്ച് വ്യക്‌തി എന്ന നിലയിലാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും തരൂർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ അടിമുടി വിമർശിക്കുമ്പോഴായിരുന്നു തരൂരിന്റെ മോദി പുകഴ്‌ത്തൽ. നിക്ഷേപം ആകർഷിക്കാനുള്ള സംസ്‌ഥാന സർക്കാർ നടപടികളെയും തരൂർ അഭിനന്ദിച്ചിരുന്നു. സ്‌റ്റാർട്ട് അപ് രംഗത്തെ വളർച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് തരൂർ ലേഖനമെഴുതിയത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ