പൊഖ്റ: നേപ്പാളി കോൺഗ്രസ് പ്രസിഡണ്ടായ ഷേർ ബഹാദൂർ ദ്യൂബ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്ന് റിപ്പോർട്. ഭരണഘടനയിലെ ആർട്ടിക്കിൾ 76 (5) പ്രകാരമാണ് പ്രസിഡണ്ട് ബിദ്യാദേവി ഭണ്ഡാരി അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചതെന്ന് ‘ഹിമാലയൻ ടൈംസ്’ റിപ്പോർട് ചെയ്യുന്നു.
ഇത് അഞ്ചാം തവണയാണ് 74കാരനായ ദ്യൂബ നേപ്പാൾ പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തുന്നത്. 275 അംഗ പാർലമെന്റിൽ 149 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ഷേർ ബഹാദൂർ ദ്യൂബ മുൻപ് നവംബർ മാസത്തിൽ പ്രസിഡണ്ടിനെ അറിയിച്ചിരുന്നു.
എന്നാൽ അന്നത്തെ പ്രധാനമന്ത്രി കെപി ശർമ ഒലിയുമായി അടുത്ത സൗഹൃദമുളള പ്രസിഡണ്ട് പാർലമെന്റ് പിരിച്ചുവിട്ട് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതിനെതിരെ സുപ്രീം കോടതി വിധി വന്നതോടെ ഒലി രാജിവച്ചു. ഈ ഒഴിവിലേക്കാണ് ദ്യൂബയെ പരിഗണിച്ചിരിക്കുന്നത്. അടുത്ത മുപ്പത് ദിവസത്തിനുള്ളിൽ ദ്യൂബ സഭയിലെ തന്റെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ചട്ടം.
2017 ജൂൺ-2018 ഫെബ്രുവരി, 2004 ജൂൺ-ഫെബ്രുവരി, 2001 ജൂലൈ-2002 ഒക്ടോബർ, 1995 സെപ്റ്റംബർ-1997 മാർച്ച് വരെ നാല് തവണ നേപ്പാൾ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ദ്യൂബ.
നേരത്തെ സർക്കാർ രൂപീകരിക്കാനുള്ള ദ്യൂബയുടെ ആവശ്യം തള്ളിയ പ്രസിഡണ്ടിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കെപി ശർമ ഒലി രാജിവച്ചത്.
Read Also: അസമിലെ ഏറ്റുമുട്ടലുകൾ; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആവശ്യപ്പെട്ടു








































